മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയിലേക്ക്: കൂടുതല്‍ ജലം കൊണ്ടുപോകണം, സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137 അടിയിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

വൈഗൈ ഡാമിലേക്കുള്ള ടണല്‍ വഴി ജലം കൊണ്ട് പോകണം ഷട്ടറുകള്‍ തുറക്കേണ്ടി വന്നാല്‍ 24 മണിക്കൂര്‍ മുമ്പ് സംസ്ഥാനത്തിന് അറിയിപ്പ് നല്‍കണമെന്നും കത്തിലുണ്ട്.

കേരളം ഉരുള്‍പൊട്ടല്‍ അടക്കമുള്ള വലിയ പ്രകൃതി ദുരന്തങ്ങള്‍ അഭിമുഖീകരിച്ചു. മുല്ലപ്പെരിയാര്‍ ഉള്‍ക്കൊള്ളുന്ന ഇടുക്കി ജില്ലയില്‍ വലിയ അളവില്‍ മഴ പെയ്തു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലം 133 അടിക്ക് മുകളില്‍ വന്നപ്പോള്‍ തന്നെ സമീപ പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷ കണക്കിലെടുത്ത് നടപടികള്‍ സ്വീകരിച്ചിരുന്നു.

ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് മുല്ലപ്പെരിയാറിലെ വെള്ളം എത്തിക്കുന്ന ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ ജലം തമിഴ്നാട് കൊണ്ടുപോകണമെന്നും കത്തില്‍ പറയുന്നു. മുല്ലപ്പെരിയാറില്‍ നിന്ന് 2200 ക്യുമക്സ് വെള്ളമാണ് ഒരു സെക്കന്റില്‍ തമിഴ്നാട് കൊണ്ടുപോകുന്നത്. നേരത്തെ ഇത് 2150 ക്യുമക്സ് ആയിരുന്നു.

142 അടിയാണ് മുല്ലപ്പെരിയാറിന്റെ പരമാവധി സംഭരണ ശേഷി. 140 അടിയിലെത്തിയാല്‍ തമിഴ്നാട് ആദ്യ മുന്നറിയിപ്പും 141ല്‍ രണ്ടാം മുന്നറിയിപ്പും നല്‍കും. വീണ്ടും ജലനിരപ്പ് ഉയര്‍ന്ന് 142 അടിയിലെത്തിയാല്‍ ഡാം തുറക്കേണ്ടി വരും.

ഡാം തുറക്കുന്നില്ലെങ്കിലും സ്പില്‍വേയിലൂടെ ജലം ഒഴുക്കിവിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡാം തുറക്കേണ്ടിവന്നാല്‍ ഒഴിപ്പിക്കേണ്ട കുടുംബങ്ങളുടെ കണക്ക് തയ്യാറാക്കി. മാറ്റിപ്പാര്‍പ്പിക്കാനുള്ള എല്ലാ സംവിധാനങ്ങളും സജ്ജമാണ്. കെഎസ്ഇബിയുടെ ആറ് ഡാമുകളില്‍ റെഡ് അലെര്‍ട്ട് തുടരുകയാണ്. കക്കി, ഷോളയാര്‍. പൊന്മുടി, കുണ്ടള, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട്.

Exit mobile version