അനുപമയുടെ കുഞ്ഞ് ആന്ധ്രപ്രദേശില്‍: ദത്തെടുത്തത് നിയമനടപടികള്‍ പൂര്‍ത്തിയാക്കി, സന്തോഷത്തോടെയാണ് കുഞ്ഞ് തങ്ങള്‍ക്കൊപ്പം കഴിയുന്നതെന്നും അധ്യാപക ദമ്പതികള്‍

തിരുവനന്തപുരം: ശിശുക്ഷേമ സമിതി വഴി ദത്ത് നല്‍കിയ എസ്എഫ്‌ഐ മുന്‍ നേതാവ് അനുപമയുടെ കുഞ്ഞ് ആന്ധ്രപ്രദേശിലാണെന്ന് റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശിലെ
അധ്യാപക ദമ്പതികളാണ് കുഞ്ഞിനെ ദത്തെടുത്തിരിക്കുന്നതെന്ന് മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുഞ്ഞിന് ഇപ്പോള്‍ ഒരു വയസ്സായി. നാല് വര്‍ഷം മുമ്പ് ഓണ്‍ലൈന്‍ വഴിയാണ് തങ്ങള്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്ന് ഇത്തരത്തിലൊരു കുഞ്ഞുണ്ടെന്നറിഞ്ഞ് നേരിട്ട് പോയി എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയാണ് ദത്തെടുത്തതെന്നും ദമ്പതികള്‍ പറയുന്നു. സുരക്ഷിതമായി, സന്തോഷത്തോടെയാണ് കുഞ്ഞ് തങ്ങള്‍ക്കൊപ്പം കഴിയുന്നതെന്നും ദമ്പതികള്‍ വ്യക്തമാക്കി.

അവസാനമായി ഈ മാസം തിരുവനന്തപുരം കുടുംബ കോടതിയില്‍ ഒരു സിറ്റിങ്ങുണ്ടായിരുന്നു. അതും പൂര്‍ത്തീകരിച്ചു. ഇപ്പോള്‍ താത്കാലിക ദത്തായിട്ടാണുള്ളത്. ഏറ്റവും ഒടുവിലായി ഒരു സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രം മതിയെന്ന് ദമ്പതികള്‍ പറയുന്നു. അതും തങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷയാണുള്ളതെന്നും അവര്‍ വ്യക്തമാക്കി.

കുഞ്ഞുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ അറിഞ്ഞിട്ടുണ്ട്. ശിശുക്ഷേമ സമിതിയില്‍ നിന്ന് ഇവരുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്തകള്‍ വഴിയും അവര്‍ക്ക് വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയത് കൊണ്ട് മറ്റു ആകുലതകളൊന്നുമില്ലെന്നും ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു.

ദത്തെടുത്ത ആളുകളുടെ സ്വകാര്യത പൂര്‍ണമായും മാനിക്കുന്നത് കൊണ്ട് ദത്തെടുത്തവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല.

Exit mobile version