ക്യാമ്പസുകളിൽ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാൻ എഐഎസ്എഫ് ശ്രമിക്കുന്നു: എസ്എഫ്‌ഐ

കോട്ടയം: എംജി സർവകലാശാല സെനറ്റ് – സ്റ്റുഡന്റ് കൗൺസിൽ തെരഞ്ഞെടുപ്പിനെ ചൊല്ലി ഉണ്ടായ സംഘർഷത്തിൽ എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി എസ്എഫ്‌ഐ. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് എഐഎസ്എഫ് ഉന്നയിക്കുന്നതെന്നും കെഎസ് യു-എംഎസ്എഫ് സംഘടനകളോടൊപ്പം ചേർന്ന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എഐഎസ്എഫ് ശ്രമിച്ചതെന്നും എസ്എഫ്‌ഐ വിശദീകരണ കുറിപ്പിലൂടെ പ്രതികരിച്ചു.


തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ വലതുപക്ഷ പാളയം ചേർന്ന് നിരന്തരം എസ്എഫ്‌ഐ വിരുദ്ധ പ്രചരണങ്ങൾ നടത്തുന്ന പ്രവണതകളാണ് എഐഎസ്എഫിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. 10 കൗൺസിലർമാർ തങ്ങൾക്കൊപ്പമുണ്ട് എന്ന് അവകാശപ്പട്ട എഐഎസ്എഫ്, സ്റ്റുഡന്റ് കൗൺസിൽ സീറ്റുകളിൽ ഒരു സ്ഥാനാർത്ഥിയെ പോലും നിർത്താഞ്ഞത് കെഎസ്‌യൂ-എഐഎസ്എഫ്-എംഎസ്എഫ് സഖ്യത്തിന്റെ ഭാഗമാണെന്നും എസ്എഫ്‌ഐ നേതാക്കൾ പറഞ്ഞു.

എന്നാൽ ഗ്രൂപ്പ് വഴക്കിനെ തുടർന്ന് ആദ്യ പ്രിഫറെൻസുകൾ നൽകി വിജയിപ്പിക്കേണ്ട സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കെഎസ്‌യൂവിന് കഴിയാതെ വരുകയും അവർ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. ഇത് എഐഎസ്എഫ് ഉൾപ്പെടുന്ന ആന്റി എസ്എഫ്‌ഐ മുന്നണിക്ക് തിരിച്ചടിയായി. എസ്എഫ്‌ഐ നേതാക്കളാണ് എന്ന് തെറ്റിധരിപ്പിച്ച് കൗൺസിലേഴ്‌സിനെ വിളിച്ചു ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ സംഘടിപ്പിച്ചു കള്ളവോട്ടു ചെയ്യാൻ ശ്രമിച്ചത് എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസിൽ ഉണ്ടായ സംഘർഷങ്ങൾക്ക് കാരണമെന്നാണ് എസ്എഫ്‌ഐയുടെ വിശദീകരണം.

എഐഎസ്എഫ് ബോധപൂർവ്വം തെറ്റിധാരണ പരത്തി, കനയ്യകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ വലതുപക്ഷ പാളയത്തിൽ ചേക്കേറിയതിന്റെ ജാള്യത മറയ്ക്കാൻ ക്യാമ്പസുകളിൽ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാൻ എസ്എഫ്‌ഐ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിൻ ദേവ്, പ്രസിഡന്റ് വിഎ വീനിഷ് എന്നിവർ പ്രസ്താവനയിലൂടെ പ്രതികരിച്ചു.

Exit mobile version