സീനിയര്‍ വിദ്യാര്‍ത്ഥിനിയെ ചേച്ചിയെന്ന് വിളിച്ചില്ല; ആലപ്പുഴയില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിക്ക് ക്രൂരമര്‍ദ്ദനം; കഴുത്തുഞെരിച്ചും മുഖം മതിലിലുരച്ചും ആക്രമിച്ചെന്ന് പരാതി

വിദ്യാര്‍ത്ഥിനി ഡിവൈഎസ്പിക്കു പരാതി നല്‍കിയിട്ടുമുണ്ട്.

girl

ആലപ്പുഴ: ആലപ്പുഴയില്‍ സനാതന ധര്‍മ്മ മാനേജ്‌മെന്റ് കോളേജില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിനിയുടെ ക്രൂര മര്‍ദ്ദനം. സീനിയറെ ചേച്ചിയെന്ന് വിളിച്ചില്ലെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ജൂനിയര്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിദ്യാര്‍ത്ഥിനി ഡിവൈഎസ്പിക്കു പരാതി നല്‍കിയിട്ടുമുണ്ട്. അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. ക്രിസ്മസ് ആഘോഷത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ ചേച്ചിയെന്നു വിളിക്കാതെ പേരു വിളിച്ചതിനാണു ക്ലാസില്‍ നിന്നു വിളിച്ചിറക്കി വരാന്തയില്‍ വെച്ച് അക്രമിച്ചത്.

കരണത്തടിക്കുകയും മതിലില്‍ മുഖം ഉരയ്ക്കുകയും കഴുത്തില്‍ പിടിച്ചു ഞെക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍നിന്നു രക്ഷിക്കാന്‍ എത്തിയ കൂട്ടുകാരിയെ തള്ളിയിടുകയും ചെയ്തു. പ്രിന്‍സിപ്പലിനോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പിന്നെയും മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു.

പരാതി അന്വേഷിക്കാന്‍ സൗത്ത് സ്റ്റേഷനു കൈമാറിയതായി ഡിവൈഎസ്പി പിവി ബേബി പറഞ്ഞു. പരാതിയെക്കുറിച്ച് അന്വേഷിച്ച് വേണ്ട നടപടി എടുക്കുമെന്നു കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

Exit mobile version