പാലക്കാടും പെരിന്തല്‍മണ്ണയിലും ഉരുള്‍പൊട്ടല്‍: ആളുകളെ മുന്‍കൂട്ടി മാറ്റി, വന്‍ ദുരന്തം ഒഴിവായി

പാലക്കാട്: ശക്തമായ മഴയെ തുടര്‍ന്ന് പാലക്കാടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍. പാലക്കാട് മംഗലം ഡാമിന്റെ പരിസരത്ത് രണ്ടിടങ്ങളിലും മലപ്പുറം പെരിന്തല്‍മണ്ണയിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. രണ്ടിടത്തും ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

പാലക്കാട് ഉരുള്‍പൊട്ടലുണ്ടായ ഓടന്തോട് മേഖലയില്‍ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വിആര്‍ടി പള്ളി, ഓടന്തോട് സെന്റ് ജൂഡ് പള്ളി എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. 70 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്ത് നിന്ന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയെന്ന് ഡിവൈഎസ്പി കെ.എം ദേവസ്യ അറിയിച്ചു. ആലത്തൂര്‍ തഹസില്‍ദാര്‍ ആര്‍.കെ ബാലകൃഷ്ണനും സ്ഥലത്തെത്തി.

സമീപ പ്രദേശത്തെ 40 കുടുംബങ്ങളെ അടുത്തുള്ള വി.ആര്‍.ടി പള്ളിയിലേക്ക് മാറ്റിയിട്ടുണ്ട്. കിഴക്കഞ്ചേരി 1 വില്ലേജിലെ പാലക്കുഴി മലയോരത്തെ കല്‍ക്കുഴി, പി.സി.എ, വിലങ്ങുംപാറ എന്നിവിടങ്ങളിലെ 16 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു വരികയാണ്.

പാലക്കാട് അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും ശക്തമായ മഴ തുടരുകയാണ്. പോത്തുണ്ടി ഡാം സ്പില്‍വേ ഷട്ടര്‍ 15 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. ശക്തമായ മഴയില്‍ മലമ്പുഴ ആനക്കല്ലില്‍ വീട് ഭാഗികമായി തകര്‍ന്നു. വടക്കഞ്ചേരി ഓടന്തോട് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായി.

മലവെള്ളപ്പാച്ചിലില്‍ വെള്ളം കുത്തിയൊലിച്ച് വരികയായിരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകട സാധ്യത കണക്കിലെടുത്ത് ആളുകളെ നേരത്തെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

മലപ്പുറം പെരിന്തല്‍മണ്ണ താഴെക്കോട് ഉരുള്‍ പൊട്ടലുണ്ടായി. അരക്കുപറമ്പ് മാട്ടറക്കലിലാണ് നേരിയ ഉരുള്‍പൊട്ടലുണ്ടായത്. മാട്ടറക്കല്‍ മുക്കില പറമ്പിന്റെ മുകളിലുള്ള മേഖലയിലാണ് ഉരുള്‍പൊട്ടിയത്. ആളപായമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഇല്ല. മേഖലയില്‍ നിന്ന് അറുപതോളം കുടുംബങ്ങളെ നേരത്തെ തന്നെ മാറ്റിയിരുന്നു.

തൃശൂരിലെ മലയോര മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. അതിരപ്പിള്ളി, വാഴച്ചാല്‍, ചാര്‍പ്പ, മീനങ്ങാടി എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുന്നു. അതിരപ്പള്ളിയും വാഴച്ചാലും അടച്ചു. മഴയില്‍ ചാലക്കുടി പുഴയില്‍ തലനിരപ്പുയര്‍ന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

Exit mobile version