21-ന് ഗൃഹപ്രവേശവും 25ന് മകന്റെ വിവാഹവും: സന്തോഷനിമിഷത്തിലേക്ക് ഉരുള്‍ പാഞ്ഞെത്തി; ജീവന്‍ മാത്രം ബാക്കി ലഭിച്ച ആശ്വാസത്തില്‍ ജോസും കുടുംബവും

കോട്ടയം: ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും കൂട്ടിക്കല്‍ എന്ന കൊച്ചുപട്ടണത്തെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. ഗൃഹപ്രവേശനത്തിനും മക്കളുടെ വിവാഹത്തിനും ദി
വസങ്ങള്‍ മാത്രം ശേഷിക്കെയാണ് ദുരന്തം മലവെള്ളമായി എത്തിയത്.

ചള്ളാവയലില്‍ ജോസിന്റെ കുടുംബത്തിന് ജീവന്‍ മാത്രം ബാക്കി ലഭിച്ചിരിക്കുകയാണ്.
ഈ മാസം 21-ന് ഗൃഹപ്രവേശവും 25ന് മൂത്ത മകന്റേയും നവംബറില്‍ രണ്ടാമത്തെ മകന്റേയും വിവാഹവും നടക്കാനിരിക്കുകയായിരുന്നു. ചടങ്ങുകള്‍ക്കായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയപ്പോഴാണ് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടായത്.

വിവാഹാവശ്യത്തിനായി സ്വരുക്കൂട്ടിയതെല്ലാം മലവെള്ളം കവര്‍ന്നെടുത്തു. വിവാഹത്തിന് വാങ്ങിയ വസ്ത്രങ്ങളെല്ലാം ചെളി കേറി ഉപയോഗശൂന്യമായി. ടൗണില്‍ത്തന്നെയുള്ള വീടിനോട് ചേര്‍ന്നാണ് ഒരു കടയും ന്യൂസ് പേപ്പര്‍ ഏജന്‍സിയും നടത്തുകയായിരുന്നു ജോസ്.

അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കാഞ്ഞിരപ്പള്ളിക്ക് പോയതായിരുന്നു ജോസും കുടുംബവും. വിവരമറിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും എല്ലാം പ്രളയമെടുത്തിരുന്നു. കയ്യിലുണ്ടായിരുന്ന അമ്പതിനായിരത്തോളം രൂപയടങ്ങിയ പഴ്‌സും നഷ്ടമായി.

വന്‍മല മൊത്തം ഇടിഞ്ഞുവന്നപ്പോള്‍ അച്ഛനും അമ്മയ്ക്കും ഒന്നും ചെയ്യാനായില്ലെന്ന് മകനും പറഞ്ഞു. രക്ഷപ്പെടാന്‍ തകര്‍ന്ന സാധന സാമഗ്രികളുടെ മുകളില്‍ കയറി നില്‍ക്കുകയായിരുന്നു അവര്‍.

കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ 10 മരണം സ്ഥിരീകരിച്ചു. ഒഴുക്കില്‍പെട്ട് രണ്ടുമരണവും. ഒന്‍പതുമൃതദേഹങ്ങള്‍ കണ്ടെടുത്തു.

Exit mobile version