രണ്ട് കല്ലറകളില്‍ അവര്‍ ആറുപേരും ഉറങ്ങും: കൂട്ടിക്കല്‍ ദുരന്തം കവര്‍ന്നവര്‍ക്ക് കണ്ണീരോടെ വിട നല്‍കി നാട്

മുണ്ടക്കയം: കൂട്ടിക്കല്‍ കാവാലിയില്‍ ഉരുള്‍പൊട്ടല്‍ കവര്‍ന്നവര്‍ക്ക് കണ്ണീരോടെ വിട നല്‍കി നാട്. അടുത്തടുത്ത കല്ലറകളിലാണ് ഒരു കുടുംബത്തിലെ മരിച്ച ആറ് പേര്‍ക്കും അന്ത്യ വിശ്രമം ഒരുക്കിയിരിക്കുന്നത്. കാവാലി സെന്റ് മേരീസ് പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി വിഎന്‍ വാസവന്‍, മന്ത്രി കെ രാധാകൃഷ്ണന്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

ഉരുള്‍ കവര്‍ന്നെടുത്ത കാവാലി മാര്‍ട്ടിന്‍, അമ്മ ക്ലാരമ്മ, ഭാര്യ സിനി മക്കളായ സ്‌നേഹ, സോന, സാന്ദ്ര. ഉണ്ടുറങ്ങിയ വീട് പോലും ഉരുള്‍ തകര്‍ത്തെറിഞ്ഞു. അന്ത്യയാത്രയ്ക്കായി എത്തിക്കാന്‍ വീട് പോലും ബാക്കിയുണ്ടായില്ല. അതിനാല്‍ മൃതദേഹങ്ങള്‍ നേരെ കാവാലി സെന്റ് മേരീസ് പള്ളിയിലേക്കാണ് എത്തിച്ചത്.

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ശുശ്രൂഷകള്‍. വിട നല്‍കാന്‍ കാത്തുനിന്ന ബന്ധുക്കള്‍ വിങ്ങിപ്പൊട്ടി. പാലക്കാടുള്ള ബന്ധുക്കള്‍ എത്തിയ ശേഷമാണ് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചത്.

ആറുപേരെയും യാത്രയാക്കാന്‍ നാട്ടുകാര്‍ കാവാലി പള്ളിയിലേക്ക് എത്തി. പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം കല്ലറയില്‍ അടക്കം ചെയ്തു. ഒന്നിച്ച് ഉണ്ടും ഉറങ്ങിയും സ്‌നേഹിച്ചും കലഹിച്ചും പ്രണയിച്ചുമൊക്കെ ജീവിച്ച ആ ആറുപേരും ഇനിയും ഒന്നിച്ചുറങ്ങും. ആറുപേരുടെയും മൃതദേഹങ്ങള്‍ രണ്ട് കല്ലറകളിലായാണ് അടക്കിയത്.

ശനിയാഴ്ച ഉച്ചയോടെയാണ് മാര്‍ട്ടിനും കുടുംബത്തിനെയും ഉരുള്‍ കവര്‍ന്നത്.
ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാലം തെറ്റി കലിതുള്ളി പെയ്ത മഴയും അതേതുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും ഒലിച്ചുപോയത് ഒരു കുടുംബം ഒന്നാകെയാണ്.

മാര്‍ട്ടിന്റെ മൂന്നുമക്കളും തമ്മില്‍ രണ്ട് വയസിന്റെ പ്രായവ്യത്യാസമാണ് ഉള്ളത്. അതിനാല്‍ തന്നെ മൂവരും തമ്മില്‍ നല്ല കൂട്ടായിരുന്നു. ഊണും ഉറക്കവും കളിയുമെല്ലാം ഒരുമിച്ച്. മരണത്തിലും ഇവരെ വേര്‍പിരിക്കാനായില്ല എന്നത് ബന്ധുക്കള്‍ക്കും നാടിനും മരണത്തോളം വേദനയായി.

Exit mobile version