കൂട്ടിക്കലില്‍ കണ്ടെത്തിയ മൃതദേഹം അലന്റേതെന്ന് സ്ഥിരീകരിച്ചു

കോട്ടയം: കൂട്ടിക്കലില്‍ ഇന്നലെ കണ്ടെത്തിയ മൃതദേഹം ആറ്റുചാലില്‍ ജോബിയുടെ മകന്‍ അലന്റേ(14)തെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ മൃതദേഹം പതിമൂന്നിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടിയുടേതാണെന്ന് വ്യക്തമായി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം നാളെ ഏന്തയാര്‍ പള്ളിയില്‍ നടക്കും.

ഇന്നലെ വൈകിട്ട് ആറോടെയാണ് കൂട്ടിക്കലില്‍ നിന്ന് കുട്ടിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇത് അലന്റേതാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലാണ് മൃതദേഹം അലന്റേത് തന്നെയാണെന്ന് വ്യക്തമായത്.

ഇന്നലെ നടന്ന തെരച്ചിലില്‍ മറ്റൊരു മൃതദേഹം ലഭിച്ചിരുന്നു. ഇത് അലന്റേതാണെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഇത് അലന്റെ പ്രായമുള്ള ആളുടേതല്ലെന്ന് വ്യക്തമായി. ഇത് പിന്നീട് ബന്ധുക്കളും ശരിവച്ചിരുന്നു.

കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ പതിനൊന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കാവാലിയില്‍ 6 പേരും പ്ലാപ്പള്ളിയില്‍ അഞ്ച് പേരുമാണ് മരിച്ചത്.

ഞായറാഴ്ചയായിരുന്നു അലന്റെ 14ാം പിറന്നാള്‍. ശനിയാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ അലനും ഉള്‍പ്പെട്ടു. ഏന്തയാര്‍ ജെജെ മര്‍ഫി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ഥിയായ അലനെയും അമ്മ സോണിയയെയും ദുരന്തം കവര്‍ന്നു.

Exit mobile version