‘പിറന്ന മണ്ണിനായി പ്രാണന്‍ നല്‍കിയ സൈനികന്‍’: വീരമൃത്യു വരിച്ച വൈശാഖിന് അന്ത്യോപചാരം അര്‍പ്പിച്ച് സുരേഷ് ഗോപി എംപി

കൊല്ലം: പൂഞ്ചില്‍ കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വൈശാഖിന് ആദരാഞ്ജലികളുമായി സുരേഷ് ഗോപി എംപി. വൈശാഖിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്ന സ്‌കൂളിലെത്തി സുരേഷ് ഗോപി എംപി അന്ത്യോപചാരം അര്‍പ്പിച്ചു.

‘ജമ്മു കശ്മീരിലെ പുഞ്ച് ജില്ലയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ പിറന്ന മണ്ണിനായി പ്രാണന്‍ നല്‍കിയ മലയാളി സൈനികന്‍ കൊട്ടാരക്കര ഓടാനവട്ടം സ്വദേശി എച്ച് വൈശാഖിന് ആദരാഞ്ജലികള്‍!’, എന്ന് സുരേഷ് ഗോപി ഫേസ്ബുക്കിലും കുറിച്ചു.

കഴിഞ്ഞ ദിവസമാണ് പൂഞ്ചില്‍ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്. പൂഞ്ചിലെ വനമേഖലയില്‍ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് ഭീകരര്‍ ഈ മേഖലയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു.

Exit mobile version