ഉത്രയെ കൂടെ കൂട്ടാതെ ആഘോഷങ്ങൾ; മരിച്ചതിന് പിന്നാലെ പൊട്ടിച്ചിരിയും സന്തോഷ പ്രകടനവും; കൂട്ടുകാരുടെ ഓർമ്മയിലും ക്രൂരമായി പെരുമാറിയിരുന്ന സൂരജ്

കൊല്ലം: രണ്ടാം തവണയും പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണ മരണം എന്ന തലക്കെട്ടുകൾക്ക് അപ്പുറം സൂരജിന്റെ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത് പോലീസിന്റെ മിടുക്കും ബന്ധുക്കളുടെ സംശയങ്ങളുമായിരുന്നു. ഭാര്യ ഉത്രയോട് ദാക്ഷിണ്യമില്ലാതെ പെരുമാറിയിരുന്നയാളായിരുന്നു സൂരജെന്ന് സുഹൃത്തുക്കൾ പറയുന്നു.

സൂരജിന്റെ സുഹൃത്തുക്കളിൽ നിന്നുള്ള മൊഴി അന്വേഷണത്തിൽ ഏറെ നിർണായകമായിരുന്നു. മാനസിക വളർച്ചയില്ലെന്ന കാരണം പറഞ്ഞ് ഉത്രയെ ഒരിടത്തും ഒപ്പം കൂട്ടാൻ സൂരജ് ഇഷ്ടപ്പെട്ടിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. തന്റെ ഭാര്യയെന്നോ കുട്ടിയുടെ അമ്മയെന്നോ ഒരു പരിഗണനയും സൂരജ് നൽകിയിരുന്നില്ല. വിവാഹ ചടങ്ങുകളിലോ സുഹൃത്തുക്കളുടെ വീട്ടിലേക്കോ ഉത്രയെ സൂരജിനൊപ്പം ഒരിക്കൽ പോലും സുഹൃത്തുക്കൾ കണ്ടിട്ടില്ല.

ഉത്രയെ ആദ്യം പാമ്പ് കടിച്ച സമയത്ത് വീട്ടിൽ കാറും, ഓട്ടോറിക്ഷയുമൊക്കെ ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ട് പോകാൻ പോലും സൂരജ് തയ്യാറിയില്ല. മദ്യപിച്ചിട്ടുണ്ടായിരുന്നതിനാൽ വാഹനമോടിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് സുഹൃത്ത് സുജിത്തിനെയാണ് ആശുപത്രിയിൽ കൊണ്ട് പോകാൻ സൂരജ് വിളിച്ചത്. സുജിത്ത് എത്തുന്ന സമയം കൊണ്ട് ഉത്രയുടെ മരണം ഉറപ്പിക്കുക മാത്രമായിരുന്നു സൂരജിന്റെ ലക്ഷ്യം.

രണ്ടാം തവണ സ്വന്തം വീട്ടിൽ വെച്ച് ഉത്രയെ പാമ്പ് കടിക്കുകയും മരണപ്പെടുകയും ചെയ്ത സമയത്ത് സൂരജിനെ ഉത്രയുടെ വീട്ടുകാർക്ക് സംശയമുണ്ടായിരുന്നെങ്കിലും മുൻവിധിയിലേക്ക് എത്തേണ്ടതില്ലെന്ന് അവർ തീരുമാനിച്ചിരുന്നു. ഉത്ര മരിച്ച ശേഷം കൊലപാതകിയായ സൂരജ് അലറിവിളിച്ചും പൊട്ടിക്കരഞ്ഞും അഭിനയിച്ചു. എന്നാൽ പിന്നീട് വളരെ പെട്ടെന്ന് തന്നെ സൂരജിൽ വന്ന മാറ്റങ്ങൾ ഉത്രയുടെ വീട്ടുകാർ ശ്രദ്ധിച്ചു. സുഹൃത്തുക്കൾ എത്തുമ്പോൾ അവരോട് സൂരജ് പെരുമാറിയിരുന്ന രീതിയാണ് വീട്ടുകാരിൽ ആദ്യം സംശയം തോന്നിപ്പിച്ചത്. ഭാര്യ മരിച്ച ഒരാളിൽ കാണുന്ന ഒരു വിഷമവും സൂരജിൽ പ്രകടമായിരുന്നില്ല.

വൈകുന്നേരം തന്നെ കാണാനെത്തുന്ന സുഹൃത്തുക്കളോട് വീടിന് പുറത്ത് കൂടി നിന്ന് സൂരജ് വളരെ വൈകിയും സംസാരിച്ചിരുന്നു. ഉച്ചത്തിൽ സംസാരിച്ചും തമാശ പറഞ്ഞുമുള്ള സൂരജിന്റെ പെരുമാറ്റം ഉത്രയുടെ വീട്ടുകാരിൽ സംശയം ഇരട്ടിപ്പിച്ചു. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത്.

ഉത്രയെ തിരുവല്ലയിലെ ആശുപത്രിയിൽ കൊണ്ടുപോയ ആംബുലൻസിൽ സുജിത്തുമുണ്ടായിരുന്നു. തലകുനിച്ചായിരുന്നു മുഴുവൻ സമയവും സൂരജ് ആംബുലൻസിൽ ഇരുന്നതെന്നും പിന്നീട് ഉത്ര മരിച്ചശേഷം വീട്ടിലെത്തിയപ്പോൾ പൊട്ടിക്കരയുന്ന സൂരജിനെയാണ് കണ്ടതെന്നുമാണ് സുജിത്തിന്റെ മൊഴി.

പാമ്പുപിടുത്തക്കാരൻ സുരേഷിനെ വിളിക്കാൻ സൂരജ് ആദ്യം ഉപയോഗിച്ചത് എൽദോസ് എന്ന സുഹൃത്തിന്റെ മൊബൈൽ ഫോണാണ്. സൂരജിന്റെ പക്കൽ സ്വന്തം ഫോൺ ഉണ്ടായിട്ടും അത് ഉപയോഗിക്കാതെയാണ് തന്റെ ഫോൺ ഉപയോഗിക്കുകയായിരുന്നുവെന്ന് എൽദോസ് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

Exit mobile version