പ്രിയനടന് വിട നല്‍കി കേരളം; ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍ അന്ത്യവിശ്രമം

തിരുവനനന്തപുരം: മലയാളത്തിന്റെ പ്രിയനടന് യാത്രാമൊഴി നല്‍കി കേരളം. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നെടുമുടി വേണുവിന്‌ന്റെ ഭൗതിക ദേഹം സംസ്‌കരിച്ചു. മകന്‍ ഉണ്ണിയാണ് അന്ത്യ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ രാഷ്ട്രീയ ചലചിത്ര രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. രാവിലെ പത്ത് മുതല്‍ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

തിങ്കളാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നെടുമുടി വേണുവിന്റെ അന്ത്യം. 73 വയസ്സായിരുന്നു. ലിവര്‍ കാന്‍സറിനെ തുടര്‍ന്നുള്ള അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് നെടുമുടി മരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണു ജനിച്ചത്.

ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍, തകര എന്നീ സിനിമകള്‍ നെടുമുടി വേണുവിന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായി. ഇതുവരെ അഞ്ഞൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Exit mobile version