കത്തിലെഴുതി, സങ്കടപ്പെടേണ്ട, ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും; ആ അച്ഛനാണ് ഇപ്പോൾ യാത്രപറഞ്ഞുപോകുന്നത്; വേദനയോടെ മഞ്ജു വാര്യർ

മലയാള സിനിമയുടെ കാരണവർ നെടുമുടി വേണു വിടവാങ്ങിയെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് കലാസാംസ്‌കാരിക രംഗം കേട്ടത്. സമൂഹത്തിന്റെ നാനാതുറയിലുള്ളവർ താരത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. സിനിമാ താരങ്ങളും രാഷ്ട്രീയ പ്രമുഖരും മറ്റ് സെലിബ്രിറ്റികളുമെല്ലാം നെടുമുടി വേണുവിന്റെ ഓർമ്മകൾക്ക് പ്രണാമമർപ്പിക്കുകയാണ്.

ഇതിനിടെ തന്റെ വേദന സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ. തനിക്ക് നഷ്ടപ്പെട്ടത് ഒരച്ഛന്റെ കരുതലും സ്‌നേഹവുമാണെന്ന് മഞ്ജു കുറിക്കുന്നു.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്:

അച്ഛൻ മരിച്ചപ്പോൾ ഒരു കത്തുവന്നു. ‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും…’വാത്സല്യം നിറഞ്ഞ വാക്കുകളിൽ നെടുമുടി വേണു എന്ന മനുഷ്യൻ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ അച്ഛൻവേഷങ്ങൾക്ക് നെഞ്ചിൽ തൊടുന്ന,ഭംഗിയുള്ള പ്രകാശമുണ്ടാകുന്നത് എന്നറിയാൻ ഇപ്പോഴും ഞാൻ സൂക്ഷിച്ചുവച്ചിട്ടുള്ള കത്തിലെ വരികൾ മാത്രം മതി. ആ അച്ഛനാണ് ഇപ്പോൾ യാത്രപറഞ്ഞുപോകുന്നത്. ‘ദയ’യിൽ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെ ‘ഉദാഹരണം സുജാത’, ‘ജാക്ക് ആൻഡ് ജിൽ’, ഏറ്റവും ഒടുവിൽ ‘മരയ്ക്കാറും’ . ഒരുമിച്ചഭിനയിച്ച ചിത്രങ്ങൾ കുറവെങ്കിലും എന്നും വിളിപ്പുറത്തുണ്ടായിരുന്നു അദ്ദേഹം. എവിടെയോ വായിച്ച ഓർമയിൽ ഞാൻ ഇടയ്ക്ക് കളിയായി വിളിക്കുമായിരുന്നു..’കൊടുമുടി വേണു!!’ അത്രയും ഉയരത്തിലായിരുന്നു എന്നും അദ്ദേഹം. അഭിനയത്തിലും ജീവിതത്തിലും. പലതും പഠിപ്പിച്ച,തണലും തണുപ്പും തന്ന ഒരു പർവതം. മനസുകൊണ്ട് എപ്പോഴും പ്രണമിക്കുമായിരുന്നു ആ ഔന്നത്യത്തെ. മരണമില്ലാത്ത ഓർമയായി മനസിലുണ്ടാകും എന്നും….വേദനയോടെ വിട

Exit mobile version