ഭര്‍ത്താവിനെ അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു; ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി

മൂലമറ്റം: ഭര്‍ത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. രതീഷ് പ്രസ് ഉടമ നീറണാകുന്നേല്‍ ചിദംബരത്തിന്റെ ഭാര്യ സുജാതയാണ് (72) മരിച്ചത്. ഭര്‍ത്താവിനെ പിന്നീട് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ചിദംബരത്തിനെ (75) സ്വന്തം പ്രസിനു സമീപം കിണറിലെ പൈപ്പില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് ഏഴരയോടെ മൂലമറ്റം ടൗണിനു സമീപമാണ് അപകടമുണ്ടായത്. ഭര്‍ത്താവ് വീട്ടില്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുപോയ സുജാതയെ ചേറാടി സ്വദേശി ദിലുവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്ന് സുജാതയുടെ മരണവിവരം അറിയിക്കാന്‍ നാട്ടുകാര്‍ ചിദംബരത്തിനെ അന്വേഷിക്കുന്നതിനിടെ രാത്രി 10 മണിയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മക്കള്‍: കല, പരേതനായ രതീഷ്. മരുമകന്‍: രഘു. സുജാതയെ ഇടിച്ച ബൈക്കില്‍ സഞ്ചരിച്ചിരുന്ന ദിലുവിന്റെ തലയ്ക്ക് സാരമായ പരിക്കുണ്ട്.

Exit mobile version