വായില്‍ ഉപ്പ് നിറച്ച് വീട്ടില്‍ വളര്‍ത്തുന്ന 50,000 രൂപയുടെ ആടിനെ മോഷ്ടിച്ചു; കണ്ടെത്തിയത് കശാപ്പ് ശാലയില്‍; പ്രതിയെ തിരഞ്ഞ് പോലീസ്

ചാവക്കാട്: മന്ദലാംകുന്നിലെ വീട്ടില്‍ നിന്ന് മോഷ്ടിച്ച 50,000 രൂപ വില വരുന്ന ആടിനെ കശാപ്പ് ശാലയില്‍ കണ്ടെത്തി. മന്ദലാംകുന്ന് സെന്ററിന് പടിഞ്ഞാറ് പരേതനായ കറുത്താക്ക മുഹമ്മദ് കുട്ടിയുടെ വീട്ടിലെ ഹൈദരബാദ് ബീറ്റലില്‍ പെട്ട ആടിനെയാണ് മോഷ്ടാവ് കവര്‍ന്നത്.

മുഹമ്മദ് കുട്ടിയുടെ ഭാര്യ റുമൈല വീടിനോട് ചേര്‍ന്ന് വളര്‍ത്തുന്ന കൂട്ടില്‍ നിന്നാണ് ആടിനെ മോഷ്ടിച്ചത്. മല്ലാട് കശാപ്പ് ശാലയിലാണ് ആടിനെ കണ്ടെത്തിയത്. കൂട്ടില്‍ ഉപ്പ് വിതറിയിട്ടുണ്ട്. ആടിന്റെ വായില്‍ ഉപ്പ് തള്ളിക്കയറ്റിയാണ് കൊണ്ടുപോയതെന്ന് സംശയിക്കുന്നു. ഉപ്പ് കയറ്റിയാല്‍ ആട് കരഞ്ഞ് ബഹളമുണ്ടാക്കില്ലത്രെ.

ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. ഒരു വയസ്സിലേറെ പ്രായമുള്ള ആടിന് 50,000 രൂപ വില വരും. കഴിഞ്ഞ ദിവസം ആടിനെ വിലക്ക് വാങ്ങാന്‍ ഒരാള്‍ വന്നിട്ടുണ്ടായിരുന്നു. വില കുറച്ചു പറഞ്ഞതിനാല്‍ കൊടുത്തില്ല.

ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പേരകം മല്ലാടുള്ള കശാപ്പ് ശാലയിലാണ് ആടിനെ കണ്ടെത്തിയത്. അയ്യായിരം രൂപക്ക് വില്‍ക്കാനാണ് മോഷ്ടാവ് ആടുമായെത്തിയത്.

കശാപ്പ് ശാലയിലുണ്ടെന്ന വിവരമറിഞ്ഞതോടെ റുമൈലയുടെ മകള്‍ വാഹനവുമായി പോയി ആടിനെ വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍, പോലീസ് കേസുമായി മുന്നോട്ട് പോകരുതെന്നും അങ്ങനെയുണ്ടായാല്‍ പ്രശ്‌നമുണ്ടാകുമെന്നും ആടിനെ വിട്ടുകൊടുക്കുമ്പോള്‍ ഒരാള്‍ ഭീഷണിപ്പെടുത്തിയെന്ന് ആക്ഷേപമുണ്ട്. പ്രതിയെ ഉടനെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version