ബാലുശ്ശേരിയില്‍ വീടിനകത്ത് അസാധാരണ പൊട്ടിത്തെറി: ടൈലുകള്‍ പൊട്ടിത്തെറിച്ചു

ബാലുശ്ശേരി: ബാലുശ്ശേരി കിനാലൂരിലെ രാഘവന്‍ മേനോക്കിയുടെ വീട്ടിനകത്തുണ്ടായ അസാധാരണ പൊട്ടിത്തെറി വീട്ടുകാരെയും പരിസരവാസികളെയും പരിഭ്രാന്തരാക്കി.
രണ്ട് ദിവസങ്ങളിലായി രാത്രിയില്‍ വീട്ടിനകത്ത് വിരിച്ച ടൈലുകള്‍ വലിയശബ്ദത്തില്‍ പൊട്ടിത്തെറിച്ചു.

ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് വീടിനകത്തെ ടൈലുകള്‍ വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിക്കാന്‍ തുടങ്ങിയത്. ഡൈനിങ് ഹാളിനകത്തെ ടൈലുകളില്‍ ഏറെയും പൊട്ടിത്തെറിച്ചു. തൊട്ടടുത്ത മുറിയില്‍ നിന്ന് രാത്രി വൈകിയിട്ടും വ്യാഴാഴ്ച രാവിലെയും ശബ്ദവും തീപ്പൊരികളും ഉയര്‍ന്നിരുന്നു. ആറുവര്‍ഷം മുന്‍പ് നിര്‍മിച്ച വീട്ടിനുള്ളില്‍ നിന്ന് ഇതാദ്യമായാണ് ഇത്തരം അനുഭവമുണ്ടായതെന്ന് വീട്ടുടമ രാഘവന്‍ മേനോക്കി പറഞ്ഞു.

ശബ്ദംകേട്ട ഉടന്‍ തന്നെ വീട്ടുകാര്‍ പുറത്തേക്കോടുകയായിരുന്നു. അഞ്ച് വര്‍ഷമേ ആയുള്ളൂ ഇവര്‍ കിനാലൂരിനടുത്ത ഏര്‍വാടി മുക്കില്‍ വീട് വെച്ചിട്ട്. പ്രവാസ ജീവിതത്തിലെ ആകെയുള്ള സമ്പാദ്യം കൊണ്ട് വെച്ച വീട്ടില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു പ്രശ്നമുണ്ടാവുന്നത്.

ജനപ്രതിനിധികള്‍ അടക്കം സ്ഥലത്ത് സന്ദര്‍ശനം നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ജിയോളജി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തും.

Exit mobile version