പ്രകൃതിവാതകം ചോര്‍ന്നു : ക്യൂബയിലെ ആഡംബര ഹോട്ടലില്‍ സ്‌ഫോടനം, ഗര്‍ഭിണി ഉള്‍പ്പടെ 26 പേര്‍ മരിച്ചു

ഹവാന : പ്രകൃതിവാതകം ചോര്‍ന്ന് ക്യൂബയിലെ ആഡംബര ഹോട്ടലിലുണ്ടായ സ്‌ഫോടനത്തില്‍ 26 മരണം. ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ പഞ്ചനക്ഷത്ര ഹോട്ടലായ സരട്ടോഗയിലാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തില്‍ എഴുപതിലധികം ആളുകള്‍ക്ക് പരിക്കേറ്റു.

പ്രകൃതി വാതകം എത്തിച്ചിരുന്ന ട്രക്കാണ് അപകടത്തിന് കാരണമെന്നാണ് വിവരം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സ്‌ഫോടനമുണ്ടായത്. റിനോവേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നതിനാല്‍ ഹോട്ടലില്‍ അതിഥികള്‍ ഉണ്ടായിരുന്നില്ല. നഗരവാസികളാണ് കൊല്ലപ്പെട്ടിരിക്കുന്നവരില്‍ ഭൂരിഭാഗവും. കെട്ടിടത്തിന്റെ നാല് നിലകള്‍ പൂര്‍ണമായി കത്തി നശിച്ചു. ഹോട്ടലിന്റെ മുന്‍വശവും ജനാലകളും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. ഹോട്ടലിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വണ്ടികള്‍ക്ക് തീപിടിക്കുകയും സമീപമുള്ള ഒരു പള്ളിയുടെ മിനാരം തകരുകയും ചെയ്തു. മരിച്ചവരില്‍ ഒരു ഗര്‍ഭിണിയും കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡയസ് സ്ഥിരീകരിച്ചു.

ക്യൂബന്‍ ചരിത്രനഗരമായ ഹവാനയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഹോട്ടല്‍. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ഒരു ബ്രിട്ടീഷ് കമ്പനിയാണ് ഹോട്ടല്‍ പുതുക്കിപ്പണിതത്. അന്ന് മുതല്‍ പല രാഷ്ട്രീയ പ്രമുഖരുടെയും അന്താരാഷ്ട്ര സെലിബ്രിറ്റികളുടെയും സ്ഥിരം സന്ദര്‍ശന കേന്ദ്രമായിരുന്നു
ഹോട്ടല്‍.

Exit mobile version