ചരക്ക് നീക്കത്തിനിടെ ടാങ്ക് നിലത്ത് വീണു : ജോര്‍ദാനില്‍ വിഷവാതകദുരന്തം, 13 മരണം

Chlorine | Bignewslive

അമ്മാന്‍ : ചരക്ക് നീക്കുന്നതിനിടെ ജോര്‍ദാനിലെ അഖാഖ തുറമുഖത്ത് വിഷവാതക ടാങ്ക് നിലത്ത് വീണുണ്ടായ ദുരന്തത്തില്‍ 13 മരണം. ടാങ്ക് ക്രെയിനിന്റെ മുകളില്‍ നിന്ന് വീണാണ് അപകടമുണ്ടായത്. സംഭവത്തില്‍ 250തിലധികം പേര്‍ക്ക് പരിക്കേറ്റു.

ക്ലോറിന്‍ വാതകമാണ് ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. വാതകം നിറച്ച കണ്ടെയ്‌നര്‍ ക്രെയിന്‍ ഉയര്‍ത്തുന്നതും പൊടുന്നനെ താഴേക്ക് വീണ് പൊട്ടിത്തെറിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. മഞ്ഞ നിറത്തിലുള്ള വാതകം അന്തരീക്ഷത്തില്‍ നിറയാന്‍ തുടങ്ങിയതോടെ ആളുകള്‍ പരിഭാന്തരായി ഓടുന്നതും ദൃശ്യങ്ങളിലുണ്ട്

സംഭവത്തെത്തുടര്‍ന്ന് തുറമുഖത്തിന് 16 കിലോമീറ്റര്‍ ചുറ്റളവിലുളള പ്രദേശങ്ങളിലെ ആളുകളോട് ജനലുകളും വാതിലുകളുമടച്ച് വീടിനുള്ളിലിരിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിരിക്കുകയാണ്‌. മുന്‍കരുതല്‍ എന്ന നിലയ്ക്ക് അഖാബ ബീച്ചും ഒഴിപ്പിച്ചിട്ടുണ്ട്.

വാതകച്ചോര്‍ച്ച തടയാന്‍ ശ്രമം തുടരുകയാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമീപവാസികളെ ഒഴിപ്പിച്ച് മേഖല പൂര്‍ണമായും അടച്ചു. നഗരത്തിലെ ആശുപത്രികള്‍ നിറഞ്ഞതിനാല്‍ താല്ക്കാലിക ക്യാംപുകള്‍ തുറന്നതായാണ് വിവരം. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ജോര്‍ദാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

Exit mobile version