‘മോന്‍സന്‍ ഒരാളെ വെടിവെച്ച് കൊന്ന് മെട്രോയുടെ പില്ലറില്‍ കൊണ്ടിട്ടു’: ആരാണെന്ന് കണ്ടെത്താന്‍ ക്രൈംബ്രാഞ്ച്

കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പുനടത്തിയ കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ക്രിമിനല്‍ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ തീരുമാനം. ഒരാളെ വെടിവെച്ച് കൊന്ന് മെട്രോയുടെ പില്ലറില്‍ കൊണ്ടിട്ടുണ്ടെന്ന് മോന്‍സന്‍ പറഞ്ഞതിലാണ് അന്വേഷണം.

മോന്‍സനെതിരെ യാക്കൂബ്, അനൂപ്, സലീം, ഷമീര്‍ സിദ്ധീഖ്, ഷാനിമോന്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളില്‍ ഓരോ ഭാഗവും പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് ഡിഐജി ജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണസംഘത്തിന്റെ തീരുമാനം.

തനിക്ക് അധോലോക ബന്ധമുണ്ട്, ദാവൂദ് ഇബ്രാഹിമിന്റെ സ്വന്തമാളാണ് താന്‍ എന്ന മോന്‍സന്റെ അവകാശവാദവും സംഘം അന്വേഷിക്കും. മുംബൈയില്‍ വച്ച് ഒരാളെ കൊന്ന് മെട്രോയുടെ പില്ലറിനടിയില്‍ കൊണ്ടിട്ടു, ഗുണ്ടാസംഘങ്ങളുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റു, സംഘര്‍ഷത്തില്‍ പരുക്കേറ്റു, തുടങ്ങിയ വാദങ്ങളിലും വിശദമായ അന്വേഷണം നടത്തും. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വിശദീകരണം ആവശ്യമെങ്കില്‍ പരാതിക്കാരില്‍നിന്നു വീണ്ടും മൊഴിയെടുക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

Exit mobile version