ഭര്‍ത്താവുമായി പിണങ്ങി, ഒന്നുചേരാനുള്ള ആവശ്യം നിരാകരിച്ചു; യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി ഭര്‍ത്താവിന്റെ സഹോദരന്‍, യുവതി മരിച്ചു

പോത്തന്‍കോട്: ഭര്‍ത്താവിന്റെ സഹോദരന്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരണപ്പെട്ടത്. കാവുവിള തെറ്റിച്ചിറ വൃന്ദഭവനില്‍ വൃന്ദ (28)യാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് വാവറയമ്പലം കാവുവിളയില്‍ വൃന്ദയെ ആക്രമിച്ചത്.

കാവുവിളയിലെ കടയില്‍ തയ്യല്‍ പഠിക്കാനെത്തിയതായിരുന്നു വൃന്ദ. കാറിലെത്തിയ സിബിന്‍ ലാല്‍ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോളും തുണി ചുറ്റിയ പന്തവുമായെത്തി വൃന്ദയെ ആക്രമിക്കുകയായിരുന്നു. ഭയന്ന് കടയ്ക്കുള്ളില്‍നിന്ന് ഇറങ്ങിയോടിയ വൃന്ദ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും സിബിന്‍ലാല്‍ പിന്നാലെയെത്തി പന്തം കത്തിച്ചെറിഞ്ഞു. സബിന്‍ ലാലുമായി പിണങ്ങിക്കഴിഞ്ഞിരുന്ന വൃന്ദയോട് ഭര്‍ത്താവുമായി ജീവിക്കണമെന്ന് സിബിന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും ഇതിനു വിസമ്മതിച്ചതാണ് ആക്രമണത്തിനു കാരണമെന്നും പോലീസ് പറയുന്നു.

വൃന്ദയുടെ ഭര്‍ത്താവ് സബിന്‍ലാലിന്റെ സഹോദരന്‍ പണിമൂല തെറ്റിച്ചിറ പുതുവല്‍ പുത്തന്‍വീട്ടില്‍ സിബിന്‍ ലാലിനെ (29) പോത്തന്‍കോട് പോലീസ് അന്നുതന്നെ അറസ്റ്റു ചെയ്തു. സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പോലീസ് കുടുക്കിയത്.

Exit mobile version