കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം: അമ്മ രേഷ്മയ്ക്ക് ജാമ്യം

കൊല്ലം: കല്ലുവാതുക്കലില്‍ കരിയില കൂനയില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ അമ്മ രേഷ്മയ്ക്ക് ജാമ്യം. പരവൂര്‍ മുന്‍സിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

അറസ്റ്റിലായി തൊണ്ണൂറ് ദിവസം പിന്നിട്ടതിനാല്‍ കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. ഫേസ്ബുക്ക് അധികൃതരില്‍ നിന്ന് പൂര്‍ണ്ണ വിവരം ലഭിക്കാത്തതിനാല്‍ അന്വേഷണ സംഘത്തിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അജ്ഞാത കാമുകനുവേണ്ടി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. രേഷ്മയുടെ ബന്ധുക്കളായ ഗ്രീഷ്മ, ആര്യ എന്നീ രണ്ട് യുവതികള്‍ ആണ് അജ്ഞാത കാമുകനായി ഫേസ്ബുക്കിലൂടെ രേഷ്മയോട് സംസാരിച്ചിരുന്നത്. ഈ യുവതികള്‍ പിന്നീട് ഇത്തിക്കര ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു.

ജനുവരി അഞ്ചിനാണ് നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്. പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത രീതിയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയിരുന്നത്. കനത്ത തണുപ്പേറ്റ കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ന് വൈകിട്ട് തന്നെ കുഞ്ഞ് മരിച്ചു.

മരിച്ച കുഞ്ഞ് രേഷ്മ-വിഷ്ണു ദമ്പതിമാരുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതോടെ പോലീസ് അന്വേഷണത്തിന് വ്യക്തത കൈവരിച്ചു. പോലീസിനോട് കുറ്റം സമ്മതിച്ച രേഷ്മ തന്റെ കുഞ്ഞാണെന്നും ആരുമറിയാതെയാണ് പ്രസവിച്ചതെന്നും വെളിപ്പെടുത്തി. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനുമായി ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും രേഷ്മ പോലീസിനോട് കുറ്റസമ്മതം നടത്തി.

Exit mobile version