സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നു; മനംനൊന്ത് പിതാവ് ജീവനൊടുക്കി

മലപ്പുറം: സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പിതാവ് മനംനൊന്ത് ജീവനൊടുക്കി. കഴിഞ്ഞ മാസം 23ന് റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച മൂസക്കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമായത്. വീഡിയോ ചിത്രീകരിച്ച ശേഷമായിരുന്നു മൂസക്കുട്ടി ജീവനൊടുക്കിയത്.

”മകളെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് ക്രൂരമായി പീഡിപ്പിക്കുന്നു. എന്റെ വേദന കേരളം ഏറ്റെടുക്കണം. പത്ത് പവന്‍ നല്‍കാതെ മകളെ വേണ്ടെന്ന് ഭര്‍ത്താവ് പറയുന്നു” മൂസക്കുട്ടി വീഡിയോയില്‍ പറയുന്നു. വീഡിയോ ചിത്രീകരിച്ചശേഷം വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ മൂസക്കുട്ടി തൂങ്ങിമരിക്കുകയായിരുന്നു.

2020 ജനുവരി 12നാണ് മൂസക്കുട്ടിയുടെ മകള്‍ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്ദുള്‍ ഹമീദും വിവാഹിതരായത്. അന്നുമുതല്‍ സ്ത്രീധനം കുറഞ്ഞെന്നു പറഞ്ഞുള്ള പീഡനം താന്‍ നേരിടേണ്ടി വന്നിരുന്നുവെന്ന് ഹിബ ആരോപിച്ചു. വിവാഹ സമയത്തുള്ള 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പോരെന്ന് പറഞ്ഞപ്പോള്‍ ആറ് പവന്‍ വീണ്ടും മൂസക്കുട്ടി നല്‍കി.

അതും പോരെന്നും പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൂടി കൊടുത്താലേ പ്രസവിച്ചു കിടക്കുന്ന ഹിബയേയും കുഞ്ഞിനേയും വീട്ടിലേക്ക് കൊണ്ടുപോകുകയുള്ളൂ എന്നും ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് ഹിബയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കിയതായും പരാതിയുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Exit mobile version