മൂലത്തറ ഡാം തുറന്നുവിട്ടു: ബൈക്ക് യാത്രികനും ബൈക്കും ഒലിച്ചുപോയി; യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി

പാലക്കാട്: പാലക്കാട് പെരുമാട്ടിയില്‍ ഡാമില്‍ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ ഒഴുക്കില്‍ ബൈക്കും യാത്രികനും ഒലിച്ചുപോയി. അഗ്‌നിശമന സേനയും നാട്ടുകാരും ബൈക്ക് യാത്രികനെ സാഹസികമായി രക്ഷപ്പെടുത്തി.

പെരുമാട്ടി പഞ്ചായത്ത് മൂലത്തറ ഡാമിന് താഴെ നിലംപതി പാലത്തിലാണ് അപകടം നടന്നത്. പാലത്തിലൂടെ പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനായ മുനിയപ്പനാണ് (34) ഒഴുക്കില്‍പ്പെട്ടത്.

ഡാമില്‍ നിന്നും തുറന്നുവിട്ട വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ ബൈക്കും മുനിയപ്പനും നിലംപതി പാലത്തിനു താഴേക്ക് ഒലിച്ചുപോകുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട് നീങ്ങിയ മുനിയപ്പന് പുഴയുടെ നടുവിലുള്ള ചെറിയ തുരുത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചെങ്കിലും കരയിലെത്താനായില്ല.

തുടര്‍ന്ന് അഗ്‌നശമന സേനാംഗങ്ങളെത്തി നാട്ടുകാരുടെ സഹായത്തോടെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

Exit mobile version