‘തട്ടിപ്പുകാരന്റെയടുത്ത് കണ്ണും, തൊലിയുമൊക്കെ ചികിത്സിച്ച നേതാവിനെ ന്യായീകരിച്ചോളൂ, പക്ഷേ മോർഫിങ് കുറ്റമാണ്’; വ്യാജപ്രചരണത്തിനെതിരെ എം.സ്വരാജ്

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനൊപ്പം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം സ്വരാജ് നിൽക്കുന്നുവെന്ന പേരിൽ വ്യാജചിത്രം പ്രചരിപ്പിച്ച് യുഡിഎഫ് അണികൾ. 2016ൽ മമ്മൂട്ടിക്കൊപ്പം സ്വരാജ് നിൽക്കുന്ന ചിത്രമാണ് മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നത്. വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സ്വരാജ് പറഞ്ഞു.

‘ഇത്തരം ഹീന മനസുള്ളവരാണ് നമ്മുടെ മറുപക്ഷത്തുള്ള രാഷ്ട്രീയ പ്രവർത്തകർ എന്ന വസ്തുത ദുഃഖകരമാണ്. ഇവരോടൊക്കെ എങ്ങനെയാണ് സംവദിയ്ക്കുക? തട്ടിപ്പുകാരന്റെ വീട്ടിൽ സ്ഥിരം കയറിയിറങ്ങി കണ്ണും, തൊലിയുമൊക്കെ ചികിത്സിച്ച നേതാവിനെ രക്ഷിച്ചെടുക്കാൻ എന്ത് ന്യായീകരണം വേണമെങ്കിലും പറഞ്ഞു കൊള്ളുക. പക്ഷേ ഇത്തരം മോർഫിങ്ങ് കലാപരിപാടികളും, ഇതൊക്കെ ഷെയർ ചെയ്യുന്നതും ശിക്ഷാർഹമായ കുറ്റമാണ്.’ സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തരംതാഴ്ന്ന പ്രചാരവേലകൾ തിരിച്ചറിയുക..
ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഉദയംപേരൂരിൽ എത്തിയ ശ്രീ. മമ്മൂട്ടിയെ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സന്ദർശിച്ചിരുന്നു. ആ സമയത്ത് ആരോ എടുത്ത ഒരു ചിത്രമാണ് ഇപ്പോൾ മോർഫ് ചെയ്ത് തട്ടിപ്പു കേസിലെ പ്രതിയ്‌ക്കൊപ്പമാക്കി പ്രചരിപ്പിയ്ക്കുന്നത്.
ഇത്തരം ഹീന മനസുള്ളവരാണ് നമ്മുടെ മറുപക്ഷത്തുള്ള രാഷ്ട്രീയ പ്രവർത്തകർ എന്ന വസ്തുത ദുഃഖകരമാണ്. ഇവരോടൊക്കെ എങ്ങനെയാണ് സംവദിയ്ക്കുക ?
ബഹു.വിദ്യാഭ്യാസ മന്ത്രി സ.വി.ശിവൻകുട്ടി ചലച്ചിത്ര താരം ശ്രീ. ബൈജുവിനൊപ്പം നിൽക്കുന്ന ചിത്രവും ഇത്തരത്തിൽ തല മാറ്റി പ്രചരിപ്പിച്ചതായി കണ്ടു.
തട്ടിപ്പുകാരന്റെ വീട്ടിൽ സ്ഥിരം കയറിയിറങ്ങി കണ്ണും , തൊലിയുമൊക്കെ ചികിത്സിച്ച നേതാവിനെ രക്ഷിച്ചെടുക്കാൻ എന്ത് ന്യായീകരണം വേണമെങ്കിലും പറഞ്ഞു കൊള്ളുക.
പക്ഷേ ഇത്തരം മോർഫിങ്ങ് കലാപരിപാടികളും , ഇതൊക്കെ ഷെയർ ചെയ്യുന്നതും ശിക്ഷാർഹമായ കുറ്റമാണ്. നിയമ നടപടി സ്വീകരിയ്ക്കും.
-എം.സ്വരാജ്

Exit mobile version