മോശയുടെ വടി 2000 രൂപയ്ക്ക് വാങ്ങിയത്: ടിപ്പുവിന്റെ സിംഹാസനത്തിന് അഞ്ച് വര്‍ഷത്തെ പഴക്കം മാത്രം, ശബരിമല ചെമ്പോല വ്യാജം; മോണ്‍സന്റെ തട്ടിപ്പുകള്‍ ചുരുളഴിയുന്നു

കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോണ്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള പുരാവസ്തുക്കളില്‍ ഭൂരിഭാഗവും വ്യാജമാണെന്ന് കണ്ടെത്തി.

കിളിമാനൂര്‍ സ്വദേശിയായ സന്തോഷാണ് ഭൂരിഭാഗം സാധനങ്ങളും മോണ്‍സന് നല്‍കിയത്. ഇതില്‍ പലതിനും 50 വര്‍ഷത്തില്‍ താഴേയേ പഴക്കമുള്ളു. ചില സാധനങ്ങള്‍ക്ക് 100 വര്‍ഷത്തോളം പഴക്കമുണ്ട്.

അതേസമയം, ടിപ്പുവിന്റെ സിംഹാസനം, മോശയുടെ വടി തുടങ്ങിയവയ്ക്ക് വളരെ ചുരുങ്ങിയ വര്‍ഷത്തെ പഴക്കം മാത്രമേയുള്ളുവെന്ന് പുരാവസ്തു വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.

മോശയുടെ അംശവടി എന്ന പേരില്‍ മോണ്‍സന്‍ പ്രചരിപ്പിച്ചിരുന്നത് ഒരു ഊന്നുവടിയാണ്. ഇത് 2000 രൂപയ്ക്കാണ് മോണ്‍സന് നല്‍കിയതെന്ന് സന്തോഷ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ടിപ്പുവിന്റേതെന്ന് അവകാശപ്പെട്ട് മോണ്‍സന്‍ കബളിപ്പിച്ച സിംഹാസനത്തിന് പഴക്കം വെറും അഞ്ച് വര്‍ഷം മാത്രമാണ്.

ഫര്‍ണിച്ചര്‍ കടയിലെ ശില്‍പിയെ കൊണ്ടാണ് സിംഹാസനം പണിയിപ്പിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് അവകാശപ്പെട്ട താളിയോലകളില്‍ ഏറിയപങ്കും വ്യാജമാണ്. ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോലയും വ്യാജമാണെന്ന് കണ്ടെത്തി.

മോണ്‍സണിന്റെ ശേഖരത്തിലുള്ള വിവിധ ശില്‍പങ്ങള്‍ നല്‍കിയത് തിരുവനന്തപുരം സ്വദേശിയായ സുരേഷാണ്. ഇയാളെ കഴിഞ്ഞ ദിവസം മോണ്‍സണിന്റെ കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 80 ലക്ഷം രൂപയുടെ ശില്‍പങ്ങള്‍ സുരേഷില്‍നിന്ന് വാങ്ങിയതായി മോണ്‍സണ്‍ ചോദ്യംചെയ്യലില്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു.

എന്നാല്‍ ഏഴ് ലക്ഷം രൂപ മാത്രമേ സുരേഷിന് നല്‍കിയിട്ടുള്ളു. ബാക്കിതുക നല്‍കാനുണ്ടെന്നും മോണ്‍സണ്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞതായാണ് വിവരം.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും പുരാവസ്തു വകുപ്പും മോണ്‍സണിന്റെ ശേഖരത്തിലുള്ള വസ്തുക്കള്‍ വിശദമായി പരിശോധിക്കുകയാണ്. വസ്തുക്കളുടെ കൃത്യമായ കാലപ്പഴക്കം അടക്കം കണ്ടെത്താന്‍ ചിത്രങ്ങള്‍ പകര്‍ത്തി വിശദമായ പരിശോധനയും നടത്തും.

Exit mobile version