പാരച്യൂട്ട് ഇഫക്ട് പ്രവചനാതീതം! കുട പിടിച്ച് അപകടം വിളിച്ച് വരുത്തരുത്: ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: മഴക്കാലത്ത് ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ കുട പിടിച്ച് ഇരുന്നുണ്ടാകുന്ന അപകടങ്ങളില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇരുചക്ര വാഹനം ഓടിക്കുന്നവരോ പുറകില്‍ ഇരുന്ന് യാത്ര ചെയ്യുന്നവരോ കുട തുറന്ന് പിടിച്ച് യാത്ര ചെയ്യുന്നത് അത്യന്തം അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. അടുത്തിടെ ഇത്തരത്തില്‍ അപകടത്തില്‍ പെടുന്നത് വര്‍ദ്ധിച്ചിരിക്കുന്നതായും എംവിഡി ചൂണ്ടിക്കാട്ടുന്നു.

കുട പിടിച്ച് നടന്നു പോകുമ്പോള്‍ പോലും കാറ്റടിച്ചാല്‍ നമ്മുടെ നിയന്ത്രണത്തിന്റെ അപ്പുറത്തേക്ക് പോകുന്നത് നമുക്ക് അനുഭവമുളളതാണ്. കുട ഉണ്ടാക്കുന്ന പാരച്യൂട്ട് ഇഫക്ട് പ്രവചനാതീതമാണ്. വാഹനം സഞ്ചരിക്കുന്ന സമയം ഇത് അത്യന്തം അപകടകരമായ അവസ്ഥ വിശേഷമാണ് ഉണ്ടാക്കുക.

വാഹനം സഞ്ചരിക്കുന്നതിന്റെ എതിര്‍ ദിശയിലാണ് കാറ്റടിക്കുന്നതെങ്കില്‍ വാഹനത്തിന്റെ വേഗതയും കാറ്റിന്റെ വേഗതയും കൂട്ടുമ്പോള്‍ ആകെ കിട്ടുന്ന വേഗതയിലായിരിക്കും അത് അനുഭവപ്പെടുന്നത്. ഉദാഹരണത്തിന് വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 40 കി.മീറ്ററും കാറ്റിന്റേത് 30 കി.മീറ്ററും ആണെന്നിരിക്കട്ടെ എങ്കില്‍ അത് കുടയില്‍ ചെലുത്തുന്നത് മണിക്കൂറില്‍ 70 കി.മീ വേഗതയിലായിരിക്കും. കുടയുടെ വലുപ്പം കൂടുന്നതിനനുസരിച്ച് ഇത് സൃഷ്ടിക്കുന്ന മര്‍ദ്ദവും (Drag effect) കൂടും. ഒരു മനുഷ്യനെ പറത്തിക്കൊണ്ട് പോകാന്‍ അത് ധാരാളം മതിയാകും

വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാനും ഇത് ഇടയാക്കും മാത്രവുമല്ല ഓടിക്കുന്ന ആള്‍ തന്നെയാണ് കുട പിടിക്കുന്നതെങ്കില്‍ അത് മൂലമുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകളും ഈ നിയന്ത്രണ നഷ്ടം ഇരട്ടിക്കുന്നതിനിടയാക്കും. ഇത്തരം അപകടങ്ങളൊഴിവാക്കാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും എംവിഡി നിര്‍ദേശിക്കുന്നു.

Exit mobile version