ബിടെക് വിദ്യാർത്ഥി കഷ്ടപ്പെട്ട് ഉണ്ടാക്കിയ മീൻകുളത്തിൽ അജ്ഞാതർ വിഷം കലക്കിയതെന്ന് സംശയം; 700 തിലോപ്പിയ മീനുകൾ ചത്തു പൊങ്ങി; ക്രൂരത

കണ്ണിമല: പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചുണ്ടാക്കിയ കൃത്രിമ കുളത്തിൽ വളർത്തിയ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതോടെ തകർന്നത് ബിടെക് വിദ്യാർത്ഥിയുടെ സ്വപ്‌നങ്ങൾ. പഠനത്തോടൊപ്പം വരുമാനം എന്ന നിലയിലാണ് സ്വന്തമായി കഷ്ടപ്പെട്ടുണ്ടാക്കിയ കുളത്തിൽ കോയിക്കൽ മുരളീധരൻ നായരുടെ മകൻ കണ്ണൻ മീൻ വളർത്തൽ ആരംഭിച്ചത്.

കണ്ണൻ പരിപാലിച്ചു വന്ന കുളത്തിൽ ഇന്നലെ രാവിലെയാണ് 700 തിലോപ്പിയ മീനുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച പകൽ രണ്ട് മീനുകളെ ചത്ത നിലയിൽ കണ്ടിരുന്നു. ഇതോടെ വെള്ളത്തിന്റെ പിഎച്ച് അളവ് പരിശോധിച്ചെങ്കിലും പിന്നീട് കുഴപ്പങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് കണ്ടതോടെ ആശ്വാസമായി. എന്നാൽ രാവിലെ മീനുകൾ പൂർണമായും ചത്തൊടുങ്ങി.

മൂന്നു മാസം പ്രായമുള്ള കാൽ കിലോയോളം വരുന്ന മീനുകളാണ് ചത്തത്. തൊടുപുഴ അൽ അസർ കോളജിലെ ബി ടെക് വിദ്യാർഥിയാണ് കണ്ണൻ. പത്താം ക്ലാസ് മുതൽ പ്ലസ്ടു വരെ കാലയളവിൽ ഒഴിവു സമയങ്ങളിൽ സ്വന്തമായി അധ്വാനിച്ചാണ് ആറടി താഴ്ചയിൽ കുളം കുത്തിയത്. റോഡിന് സമീപമാണ് ഈ കൃത്രിമക്കുളം അതുകൊണ്ട് തന്നെ എന്തെങ്കിലും വിഷ പദാർഥം ആരെങ്കിലും വെള്ളത്തിൽ കലർത്തിയതാകാം കാരണമെന്നാണ് സംശയം. പോലീസിൽ പരാതി നൽകി.

Exit mobile version