തൂപ്പു ജോലിയ്ക്ക് വിട, രജനി ഇനി അസിസ്റ്റന്റ് എന്റമോളജിസ്റ്റ്: അര്‍ഹമായ തൊഴില്‍ നല്‍കി മന്ത്രി

ഹൈദരാബാദ്: തൂപ്പു ജോലിക്കാരി ചെയ്തിരുന്ന രജനി ഇനി അസിസ്റ്റന്റ് എന്റമോളജിസ്റ്റ്. ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടും തൂപ്പു ജോലി ചെയ്യുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട തെലങ്കാന മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി കെടി രാമ റാവു ആണ് ജോലി വാഗ്ദാനം ചെയ്തത്.

എംഎസ്‌സി ഓര്‍ഗാനിക് കെമിസ്ട്രിയിലായിരുന്നു രജിനി ബിരുദാനന്തര ബിരുദം നേടിയത്. തുടര്‍ന്ന് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജിഎച്ച്എംസിയില്‍ രജിനി തൂപ്പു തൊഴില്‍ ചെയ്ത് വരികയായിരുന്നു. ഒരു പത്രത്തില്‍ വാര്‍ത്ത വന്നതോടെയാണ് മന്ത്രി രജിനിയുടെ യോഗ്യത അനുസരിച്ചുള്ള ജോലി വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്.

വാറങ്കല്‍ ജില്ലയിലെ കര്‍ഷക കുടുംബത്തിലാണ് രജിനിയുടെ ജനനം. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കിടയിലും ഒന്നാം ക്ലാസ്സോടെയാണ് രജിനി എംഎസ്‌സി പാസാകുന്നത്. തുടര്‍ന്ന് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡിയ്ക്ക് യോഗ്യത നേടുകയും ചെയ്തു.

എന്നാല്‍, ഇതിനിടെ രജനിയുടെ വിവാഹം നടക്കുകയും അവര്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് താമസം മാറുകയുമായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായ രജനി ഒരു ജോലി എന്ന സ്വപ്നം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. ഭര്‍ത്താവ് രോഗിയായതോടെ പച്ചക്കറി വില്‍പ്പനയിലേക്ക് തിരിഞ്ഞെങ്കിലും മതിയായ വരുമാനം ലഭിക്കാത്തതിനെ തുടര്‍ന്ന് പിന്നീട് ജിഎച്ച്എംസിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ തൂപ്പു തൊഴിലിന് ചേരുകയായിരുന്നു.

നഗരവികസന സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി അരവിന്ദ് കുമാറാണ് രജനിയ്ക്ക് ജോലി നല്‍കിയ കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. രണ്ട് കുട്ടികളുള്ള രജിനിയ്ക്ക് മന്ത്രി എല്ലാവിധ പിന്തുണ ഉറപ്പു നല്‍കി.

Exit mobile version