ഇസ്തിരി ഇടല്‍ ജോലി: വിദ്യാഭ്യാസം ഉണ്ടാകുകയില്ലെന്ന് വിധിയെഴുതിയ ജാതകം വലിച്ചു കീറി, 41ാം വയസ്സില്‍ അമ്പിളി നടന്നു കയറിയത് ഡോക്ടറേറ്റിലേക്ക്

ഇരിങ്ങാലക്കുട: ഇസ്തിരി ഇടല്‍ ജോലി ചെയ്ത് ഡോക്ടറേറ്റ് സ്വന്തമാക്കിയ സന്തോഷത്തിലാണ് 41 വയസ്സുകാരി അമ്പിളി. കാരുകുളങ്ങര സ്വദേശി മാളിയേക്കല്‍പറമ്പില്‍ വീട്ടില്‍ അമ്പിളിയാണ് ജീവിത ദുരിതങ്ങള്‍ക്കിടയിലും ഡോക്ടറേറ്റ് നേടിയെടുത്തത്.

19-ാം വയസില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ അച്ഛനെ നഷ്ടപ്പെട്ടു. അമ്പിളിയും അമ്മയും തനിച്ചായി. അകാലത്തില്‍ അച്ഛനെ നഷ്ടപ്പെട്ടപ്പോള്‍ അച്ഛന്റെ തൊഴിലുമായി ജീവിതം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു.

വെല്ലുവിളി നിറഞ്ഞ വിവാഹ ജീവിതത്തിലും ദുരന്തങ്ങള്‍ വേട്ടയാടിക്കൊണ്ടിരുന്നു. വിദ്യാഭ്യാസം കുറഞ്ഞതിന്റെ പേരില്‍, സ്ത്രീധനം നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ നിരന്തരം പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. അവസാനം ഒരു ഭാര്യക്കും സഹിക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ ഭര്‍ത്താവില്‍ നിന്ന് നേരിട്ടപ്പോള്‍ അവള്‍ ആ വീട് വിട്ടിറങ്ങി.
പക്ഷേ അവള്‍ തളര്‍ന്നില്ല.

ഇസ്തിരിക്കടയിലെ ജോലികള്‍ക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ അവള്‍ പഠിച്ചു. തനിക്ക് വിദ്യാഭ്യാസം ഉണ്ടാകുകയില്ലെന്ന് വിധിയെഴുതിയ ജാതകം വലിച്ചു കീറി കത്തിച്ചു കളഞ്ഞപ്പോള്‍ അവളോട് കൂടുതല്‍ കൂടുതല്‍ ബഹുമാനമായി. അമ്പിളിയുടെ വിജയത്തില്‍ സുഹൃത്ത് ദൃശ്യ ഫേസ്ബുക്കില്‍ കുറിച്ചു.

2008ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിരുദ പഠനത്തിനായി ചേര്‍ന്ന അമ്പിളി 2013ല്‍ മലയാളത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ക്രൈസ്റ്റ് കോളേജില്‍ അധ്യാപികയായും പിന്നീട് സ്വാശ്രയ വിഭാഗത്തില്‍ അധ്യാപികയായും ജോലി ലഭിച്ചു.

ക്രൈസ്റ്റ് കോളേജില്‍ മലയാളം വിഭാഗം മേധവിയായിരുന്ന ഡോ. സെബാസ്റ്റിയന്‍ ജോസഫ്, മലയാളം കോ-ഓര്‍ഡിനേറ്റര്‍ ഡോ. സിവി സുധീര്‍ എന്നിവരുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ 2016ല്‍ ചെറുകഥയില്‍ അമ്പിളി ഗവേഷണ വിദ്യാര്‍ഥിയായി.

ഇതിനിടയിലും ഇസ്തിരിയിടുന്ന ജോലി തുടര്‍ന്നുകൊണ്ടേയിരുന്നു. കേരള വര്‍മ കോളേജിലെ മലയാളം വിഭാഗം മേധാവി ഡോ. എംആര്‍ രാജേഷിന്റെ കീഴിലായിരുന്നു ഗവേഷണം നടത്തിയത്.

‘കനൽ വഴിയിൽ വെളിച്ചമായവൾ
…………………………………………
ഇത് അമ്പിളി … പ്രിയ ശിഷ്യയും അധ്യാപികയുമായ ഉർസുലയുടെ കൂട്ടുകാരിയാണ്. അമ്പിളിയെ ഞാൻ കണ്ടിട്ടില്ല …. പക്ഷേ ഒരുപാട് കാണാൻ ആഗ്രഹിക്കുന്നു. ഉർസുല പറഞ്ഞ അമ്പിളിയുടെ ജീവിതകഥ വലിയൊരു വെളിച്ചമായി നിറയുന്നു…… അമ്പിളി ഇന്ന് മുതൽ
ഡോ.അമ്പിളിയാവുന്നതിൻ്റെ സന്തോഷം ഞാനും പങ്കു
വെയ്ക്കട്ടെ …
“ഇതൊരു കേവല വിജയമല്ല. ജീവിതത്തിലുടനീളം കനലുകളിലൂടെ സഞ്ചരിച്ച ഒരുവളുടെ സഹനത്തിൻ്റെയും കഠിന പ്രയത്നത്തിൻ്റെയും പോരാട്ടത്തിൻ്റെയും കഥ കൂടിയാണ്.
ഒരു പ്രിവിലേജുകളും കൂടാതെ ആരെയും നോവിക്കാതെ അവൾ തുഴഞ്ഞു നീന്തിയ ദൂരങ്ങൾ…….
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അവൾക്ക് അച്ഛനെ നഷ്ടപ്പെട്ടു… പഠനം പാതിവഴിയിൽ നിർത്തി കുടുംബത്തിൻ്റെ ഉത്തരവാദിത്തം അവൾക്ക് ഏറ്റെടുക്കേണ്ടി വന്നു. അച്ഛൻ വാടകക്കെടുത്ത് നടത്തിയിരുന്നഇസ്തിരിക്കടയിലെ പണികൾ അവൾഏറ്റെടുത്തു നടത്തി. അങ്ങനെ ആറുവർഷങ്ങൾ….. അതിനിടയിൽ അവളെയും അമ്മയെയും സഹോദരൻ വീട്ടിൽ നിന്ന് ആട്ടിയിറക്കി……
ആ അമ്മയും മകളും ആരോടും പരാതി പറഞ്ഞില്ല. ജീവിതം ജീവിച്ചു തീർക്കാനുള്ള വ്യഗ്രത……
ഇടിഞ്ഞു പൊളിഞ്ഞ ഒരു വീട് വാങ്ങി അവർ വീണ്ടും പൊരുതി. അവളുടെ പ്രയത്നത്താൽ പിന്നീടത് ഒരു കോൺക്രീറ്റ് വീടായി.അതിനിടയിൽ എല്ലാം അറിഞ്ഞെത്തിയതെന്ന് പറഞ്ഞുറപ്പിച്ച് നടന്ന വിവാഹം …..
പക്ഷേ അവിടെയും ദുരന്തങ്ങൾ വേട്ടയാടിക്കൊണ്ടിരുന്നു. വിദ്യാഭ്യാസം കുറഞ്ഞതിൻ്റെ പേരിൽ, സ്ത്രീധനം നൽകാൻ കഴിയാത്തതിൻ്റെ പേരിൽ നിരന്തരം പീഢനങ്ങൾ ഏൽക്കേണ്ടി വന്നു. അവസാനം ഒരു ഭാര്യക്കും സഹിക്കാൻ കഴിയാത്ത അനുഭവങ്ങൾ ഭർത്താവിൽ നിന്ന് നേരിട്ടപ്പോൾ അവൾ ആ വീട് വിട്ടിറങ്ങി.
പക്ഷേ അവൾ തളർന്നില്ല.
ശക്തമായ ഒരമ്മത്തണലിൻ്റെ അഭയത്തിൽ അവൾ കൂടുതൽ കരുത്തയാകുകയായിരുന്നു.
ഇസ്തിരിക്കടയിലെ ജോലികൾക്കുള്ളിൽ നിന്നു കൊണ്ടു തന്നെ അവൾ പഠിച്ചു. എം. എ ക്ലാസ്സിലെ മറ്റ് കുട്ടികൾ നെറ്റ് പരീക്ഷക്ക്
അപേക്ഷിക്കുന്നതു കണ്ടപ്പോൾ അത് പഠനത്തിൻ്റെ ഭാഗമാണെന്നു കരുതിയാണ് അവൾ എഴുതിയത്. പക്ഷേ വിജയം അവൾക്കൊപ്പമു
ണ്ടായിരുന്നു. തുടർന്ന് ക്രൈസ്റ്റ് കോളേജിലെ ലീവ് വേക്കൻസിയിൽ അധ്യാപികയായി എത്തുന്നു.അവിടെ നിന്ന് ലഭിച്ച പിന്തുണയുടെ ഫലമായാണ് കേരളവർമ്മയിൽ അവൾ എത്തുന്നത്.
ഗവേഷണ കാലയളവിലും ഇസ്തിരിക്കടയിലെ ജോലി അവൾ ചെയ്തു കൊണ്ടിരുന്നു. ചൂടിൽ നിന്നു നിന്ന് ചെറിയ തണുപ്പു പോലും താങ്ങാൻ കഴിയാതെ അവളുടെ ശരീരം പ്രതികരിക്കുന്നത് വേദനയോടെ നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട്. വളരെ വൈകിയാണ് ഈ കഥകളെല്ലാം അറിയുന്നത്. അറിഞ്ഞപ്പോൾ അത്ഭുതമായി….. ബഹുമാനമായി… പ്രചോദനമായി… ഒരുമിച്ചുള്ള യാത്രകളിൽ, വായനകളിൽ അവളെ കൂടുതലറിഞ്ഞപ്പോൾ എങ്ങനെയാണ് ഒരാൾക്ക് ഇത്രയും നിഷ്കളങ്കമായിരിക്കാനും സ്നേഹിക്കാനും എപ്പോഴും പോസിറ്റീവായി മാത്രമായിരിക്കാനും കഴിയുന്നതെന്ന് ആശ്ചര്യപ്പെട്ടു….
തനിക്ക് വിദ്യാഭ്യാസം ഉണ്ടാകുകയില്ലെന്ന് വിധിയെഴുതിയ ജാതകം വലിച്ചു കീറി കത്തിച്ചു കളഞ്ഞപ്പോൾ എനിക്ക് അവളോട് കൂടുതൽ കൂടുതൽ ബഹുമാനമായി.
ഇന്ന് എൻ്റെ ജീവിതത്തിൻ്റെ ഭാഗമാണവൾ….
പ്രിയപ്പെട്ട അമ്പിളീ,
നീ അഗ്നിയാണ് ….
ചുറ്റുമുള്ളവർക്ക് പ്രകാശം പരത്തിക്കൊണ്ട് നീ ജ്വലിച്ചുകൊണ്ടിരിക്കുന്നു.
പ്രിയമുള്ളവളേ മനസ്സുനിറഞ്ഞ ആശംസകൾ …. അഭിനന്ദനങ്ങൾ….”

Exit mobile version