ഓണം ബംപറിന്റെ യഥാര്‍ഥ വിജയി മരട് സ്വദേശി: 12 കോടിയുടെ മഹാഭാഗ്യം തേടിയെത്തിയത് ഓട്ടോ ഡ്രൈവര്‍ ജയപാലനെ

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപറിന്റെ യഥാര്‍ഥ വിജയി തൃപ്പൂണ്ണിത്തുറ മരട് സ്വദേശി. ഓട്ടോ ഡ്രൈവറായ ജയപാലനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത്.

സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് ജയപാലന്‍ കാനറ ബാങ്കില്‍ കൈമാറി. ഇക്കാര്യം കാനറ ബാങ്ക് സ്ഥിരീകരിച്ചു. ഈ മാസം പത്തിനാണ് ജയപാലന്‍ ലോട്ടറി ടിക്കറ്റെടുത്തത്.

നേരത്തെ, ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സെയ്തലവിക്കാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആരാണ് ഭാഗ്യവാന്‍ എന്ന് അന്വേഷിക്കുമ്പോഴാണ് തനിക്കാണ് സമ്മാനമെന്ന അവകാശവാദവുമായി സെയ്തലവി രംഗത്തെത്തിയത്. സുഹൃത്ത് വഴിയാണ് ഓണം ബമ്പര്‍ ലോട്ടറിയെടുത്തതെന്ന് സെയ്തലവി പറഞ്ഞിരുന്നു. സെയ്തലവിയുടെ ഈ വാദം ഏറെ ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു.

മാത്രമല്ല, ടിക്കറ്റ് വിറ്റത് കോഴിക്കോട്ടോ പാലക്കാട്ടോ അല്ലെന്നും തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നുതന്നെയാണെന്ന് ഏജന്‍സിയും വ്യക്തമാക്കിയിരുന്നു. ഇതിനിടെ സെയ്തലവിക്ക് ടിക്കറ്റ് നല്‍കിയിട്ടില്ലെന്ന് സുഹൃത്ത് അഹമ്മദ് പറഞ്ഞു. ഫേസ്ബുക്കിലൂടെ ഫോര്‍വേഡ് ചെയ്ത ടിക്കറ്റ് സെയ്തലവിക്ക് അയച്ചു കൊടുക്കുകയായിരുന്നെന്ന് അഹമ്മദ് പറഞ്ഞു.

ഞായറാഴ്ചയാണ് ഓണം ബമ്പര്‍ നറുക്കെടുത്തത്. TE 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം ലഭിച്ചയാള്‍ക്ക് നികുതിയും, ഏജന്റ് കമ്മിഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് ലഭിക്കുക. 12 കോടിയുടെ പത്ത് ശതമാനമായ 1.20 കോടി രൂപയാണ് ഏജന്‍സി കമ്മീഷന്‍.

ബാക്കി തുകയുടെ 30 ശതമാനമായ 3.24 കോടി രൂപയാണ് ആദായ നികുതിയായി ഈടാക്കുക. 3.24. ആറ് പേര്‍ക്ക് വീതം ഓരോ കോടി രൂപയാണ് തിരുവോണം ബമ്പര്‍ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായി ലഭിക്കുക.
photo courtesy: Mathrubhumi

Exit mobile version