പാലാ ബിഷപ്പിന്റെ വാദങ്ങളെ പിന്തുണച്ച യുഡിഎഫ് കൺവീനർ മാപ്പ് പറഞ്ഞു; വീഴ്ചപറ്റിയെന്ന് കത്തിൽ

തൃശ്ശൂർ: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പരാമർശങ്ങളെ പിന്തുണച്ച് കുറിപ്പ് പുറത്തിറക്കിയ തൃശൂർ യുഡിഎഫ് ജില്ലാ കൺവീനർ കെആർ ഗിരിജൻ മാപ്പു പറഞ്ഞു. വീഴ്ചപറ്റിയെന്നും കൂടിയാലോചന ഇല്ലാതെയാണ് വാർത്താകുറിപ്പ് ഇറക്കിയതെന്നും ആണ് വിശദീകരണം. ഗിരിജൻ തന്റെ ക്ഷമാപണ കത്ത് യുഡിഎഫ് സംസ്ഥാന കൺവീനർക്ക് കൈമാറി. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന സെക്രട്ടറിയാണ് കെആർ ഗിരിജൻ.

യുഡിഎഫ് യോഗത്തിന്റെ തീരുമാനമെന്ന പേരിലായിരുന്നു പാലാ ബിഷപ്പിനെ പിന്തുണച്ചുള്ള വാർത്തക്കുറിപ്പ് ഡിസിസിയുടെ ഔദ്യോഗിക മെയിലിൽ നിന്ന് മാധ്യമങ്ങളിലെത്തിയത്. ഇത് വിവാദമായതോടെ ഓഫീസ് സ്റ്റാഫിനെ സ്വാധീനിച്ച് വാർത്ത അയപ്പിച്ചതാണെന്നും വ്യാജമാണെന്നും വിശദീകരിച്ച് പരാമർശം ഒഴിവാക്കി വാർത്തക്കുറിപ്പ് മാറ്റി അയക്കുകയായിരുന്നു.

പാലാ ബിഷപ്പിനെ പിന്തുണച്ച് പ്രസ്താനയിറക്കിയ യുഡിഎഫ് കൺവീനറെ നീക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം യുഡിഎഫ് ചെയർമാൻ ജോസഫ് ചാലിശ്ശേരിയെയും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെയും അറിയിക്കുകയും ചെയ്തു.

തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ച് കേന്ദ്രസംസ്ഥാന സർക്കാറുകൾക്കെതിരെ യുഡിഎഫ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമരത്തിൽ പങ്കെടുക്കേണ്ടെന്ന് ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നു.

Exit mobile version