കോവിഡ് ബാധിച്ച് മരണത്തെ മുഖാമുഖം കണ്ടു; ഇരട്ട പെൺകുഞ്ഞുങ്ങൾക്ക് ജീവൻ നൽകി കൃഷ്‌ണേന്ദു മരണത്തെ പുൽകി; കണ്ണീരൊഴിയാതെ കുടുംബം

മുള്ളരിങ്ങാട്: കോവിഡ് ബാധിച്ച് നിലഗുരുതരമായ ഗർഭിണിയായ യുവതി ഇരട്ടകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ശേഷം വിടവാങ്ങി. മുള്ളരിങ്ങാട് കിഴക്കേക്കരയിൽ സിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദു (24)വാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ജന്മമേകിയത്.

വെള്ളിയാഴ്ച കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു പ്രസവം. ശനിയാഴ്ച അതേ ആശുപത്രിയിൽവെച്ച് കുഞ്ഞുങ്ങളെ തനിച്ചാക്കി അമ്മ യാത്രയായി. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് കൃഷ്‌ണേന്ദുവിനെ വെള്ളിയാഴ്ച മുള്ളരിങ്ങാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും. ഇവിടെവെച്ചാണ് കോവിഡാണെന്ന് തിരിച്ചറിയുന്നത്.

ന്യൂമോണിയ ഗുരുതരമായി ബാധിച്ചെന്ന് മനസ്സിലായതോടെ എത്രയുംവേഗം കുട്ടികളെ പുറത്തെടുത്തില്ലെങ്കിൽ അപകടമാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാർ വെള്ളിയാഴ്ച തന്നെ ശസ്ത്രക്രിയയിലൂടെ ഒൻപതുമാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ പുറത്തെടുത്തു. ഇരുവരെയും വെന്റിലേറ്ററിലേക്ക് മാറ്റി.

പിന്നീട് ശനിയാഴ്ച രാവിലെ ഏഴുമണിയോടെ കൃഷ്‌ണേന്ദു മരിച്ചു. സിജുവിന്റെയും കൃഷ്‌ണേന്ദുവിന്റെയും വിവാഹം കഴിഞ്ഞിട്ട് ഒരുവർഷം തികയുന്നതേയുള്ളൂ. ഒക്ടോബർ പത്തിനായിരുന്നു പ്രസവത്തീയതി നിശ്ചയിച്ചിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് മുള്ളരിങ്ങാട് സംസ്‌കാരം നടത്തി.

Exit mobile version