കോഴിക്കോട്: ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ വീടിന് സമീപത്ത് നിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച പഴങ്ങളുടെ ഫലം നെഗറ്റീവായി. ചാത്തമംഗലം മുന്നൂര്‍ മേഖലയില്‍ നിന്ന് ശേഖരിച്ച റംമ്പൂട്ടാന്‍ പഴങ്ങളുടെയും അടയ്ക്കകളുടെയും സാമ്പിളുകളുടെ ഫലമാണ് നെഗറ്റീവായത്.
നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ വീടിന് സമീപത്ത് നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ ഇവയില്‍ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തി.
നേരത്തെ പ്രദേശത്തെ വവ്വാലുകളിലും വളര്‍ത്തുമൃഗങ്ങളിലും നിപ വൈറസ് സാന്നിദ്ധ്യമില്ലെന്ന് എന്‍ഐവി ഭോപ്പാലിലെ പരിശോധനയില്‍ വ്യക്തമായിരുന്നു.
വവ്വാലുകളിലും കാട്ടുപന്നികളിലുമാണ് നിപ വൈറസ് സാന്നിധ്യം കാണാറുള്ളത്. എന്നാല്‍ സാധ്യതകള്‍ തള്ളിക്കളയാതിരിക്കാനായി കുട്ടിയുടെ വീട്ടിലെ ആടിന്റെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാല്‍ ഈ രണ്ട് പരിശോധനാഫലവും നെഗറ്റീവായിരുന്നു.
ഇതോടെ ചാത്തമംഗലത്ത് നിന്നു ശേഖരിച്ച കാട്ടുപന്നിയുടെ സാമ്പിള്‍ പരിശോധനാ ഫലമാണ് ഇനി പുറത്തുവരാനുള്ളത്. ഭോപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് നല്‍കിയിരിക്കുന്നത്.