പരിശോധനയ്ക്കിടെ പിടിച്ചെടുത്ത ലഹരി വസ്തുക്കൾ മറിച്ചുവിറ്റു; മലപ്പുറത്തെ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ; നാണക്കേട്

മലപ്പുറം: പരിശോധനയ്ക്കിടെ പിടിച്ചെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങൾ മറിച്ചുവിറ്റതിന് മലപ്പുറം കോട്ടക്കലിലെ രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ രജീന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സജി അലക്‌സാണ്ടർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

സസ്‌പെൻഷന് പിന്നാലെ രണ്ട് ഉദ്യോഗസ്ഥരേയും പോലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഏതാനും മാസം മുൻപാണ് 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പിടികൂടിയത്. വാഹനവും പിടിച്ചെടുത്തിരുന്നു.

പിന്നീട് കോടതി നടപടിക്രമങ്ങൾക്കിടെ വാഹനം വിട്ടുനൽകി. അതോടൊപ്പം പിടിച്ചെടുത്ത ഹാൻസ് നശിപ്പിക്കാനും തീരുമാനമായി. പക്ഷേ ഹാൻസ് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹാൻസ് ഒന്നര ലക്ഷം രൂപയ്ക്ക് പോലീസുകാർ മറിച്ചുവിറ്റെന്ന് കണ്ടെത്തിയത്.

പോലീസുകാർ ഹാൻസ് മറിച്ചുവിൽക്കാൻ ഒരു ഏജന്റുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. തെളിവുകൾ ലഭിച്ചതോടെ ഇരുവരെയും സസ്‌പെന്റ് ചെയ്ത ശേഷം അറസ്റ്റും രേഖപ്പെടുത്തി.

Exit mobile version