ജനിച്ചുവീണപ്പോഴേ അപൂര്‍വ്വ ശസ്ത്രക്രിയ; പുഞ്ചിരിയോടെ ജീവിതത്തിലേക്ക് മടങ്ങി പിഞ്ചുകുഞ്ഞ്

കൊച്ചി: ഗര്‍ഭാവസ്ഥയില്‍ ഗുരുതരരോഗം കണ്ടെത്തിയ കുഞ്ഞിന് ശസ്ത്രക്രിയയിലൂടെ
പുനര്‍ജന്മം. പിറന്നതിന്റെ പിറ്റേന്ന് തന്നെ വലിയ ശസ്ത്രക്രിയയ്ക്ക് ശേഷം
രണ്ടാഴ്ച വെന്റിലേറ്ററില്‍ കഴിഞ്ഞ കുഞ്ഞ് 51 ദിവസത്തിനുശേഷം ആശുപത്രി വിട്ടു.

ആലുവ സ്വദേശികളായ മോബി–കപില്‍ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിനാണ് ഗര്‍ഭാവസ്ഥയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. പിറന്നതിന്റെ പിറ്റേന്നുതന്നെ വലിയ ശസ്ത്രക്രിയ. തുടര്‍ന്ന് രണ്ടാഴ്ചയോളം വെന്റിലേറ്ററില്‍.

നാലാഴ്ചയോളം ജീവിതം ഓക്സിജന്‍ സഹായത്തില്‍. പാല്‍ കുടിക്കാന്‍ തുടങ്ങിയപ്പോഴേക്കും കടുത്ത ഛര്‍ദി. വലുപ്പം കുറഞ്ഞ ആമാശയം, കൂടാതെ ഗാസ്ട്രോ ഇസോഫാഗല്‍ റിഫ്‌ലക്സ്. ഒടുവില്‍ 51ാം ദിവസം സുഖം പ്രാപിച്ച് വീട്ടിലേക്ക്.

ജൂലൈ 19നാണ് കുഞ്ഞിന്റെ പിറവി. കണ്‍ജനീറ്റല്‍ ഡയഫ്രമാറ്റിക് ഹെര്‍ണിയ നേരത്തേ കണ്ടെത്തിയതിനാല്‍ നിയോനാറ്റോളജി, പീഡിയാട്രിക് സര്‍ജറി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ടീം തിയറ്ററില്‍ വെച്ചുതന്നെ കുഞ്ഞിനെ എന്‍ഐസിയു വെന്റിലേറ്ററിലേക്ക് മാറ്റി.

ഡോ. ടോണി മാമ്പിള്ളിയുടെ നേതൃത്വത്തിലായിരുന്നു ആദ്യഘട്ട തീവ്രപരിചരണം. പിറ്റേന്ന് ചീഫ് പീഡിയാട്രിക് സര്‍ജന്‍ ഡോ. ജോയ് മാമ്പിള്ളിയുടെ നേതൃത്വത്തില്‍ ഡയഫ്രമാറ്റിക് ഹെര്‍ണിയ ശസ്ത്രക്രിയ നടത്തി. തുടര്‍ന്ന് രണ്ടാഴ്ചയോളം വെന്റിലേറ്ററില്‍.

ഇതിനിടയില്‍ ശ്വാസകോശ ധമനികളിലെ പ്രഷര്‍ കൂടുതലാണെന്ന് കണ്ടെത്തി ചികിത്സ ആരംഭിച്ചു. അപ്പോഴാണ് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായത്. തുടര്‍ന്ന് നാലു ദിവസം നവജാത ശിശുക്കളില്‍ അതിദുഷ്‌കരമായ പെരിറ്റോണിയല്‍ ഡയാലിസിസിന് കുഞ്ഞിനെ വിധേയനാക്കി.

45 ദിവസത്തിനുശേഷമാണ് ഓക്സിജന്‍ സഹായമില്ലാതെ കുഞ്ഞ് ശ്വസിച്ചത്. പാല് കുടിപ്പിക്കാന്‍ തുടങ്ങിയപ്പോഴേക്കും തുടര്‍ച്ചയായി ഛര്‍ദിയെത്തുടര്‍ന്ന് ആമാശയത്തിന് വലുപ്പം കുറവാണെന്നും ഗാസ്ട്രോ ഇസോഫാഗല്‍ റിഫ്‌ലക്സ് ഡിസീസ് എന്ന അവസ്ഥയാണെന്നും മനസ്സിലായി. മരുന്നിനൊപ്പം സാവധാനം പാലിന്റെ അളവും കൂട്ടി.

ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. റോജന്‍ നങ്ങേലിമാലില്‍ എന്നിവര്‍ കേക്ക് മുറിച്ച് മധുരം പങ്കുവച്ചാണ് കുഞ്ഞിനെയും കുടുംബത്തെയും യാത്രയാക്കിയത്.

Exit mobile version