ജനിച്ച് മണിക്കൂറുകള്‍ മാത്രം: ആണ്‍കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചനിലയില്‍

തിരുവനന്തപുരം: ജനിച്ച് മണിക്കൂറുകള്‍ മാത്രമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കന്യാകുമാരി ജില്ലയിലെ മുഞ്ചിറയ്ക്ക് സമീപം കുറ്റിക്കാട്ടിലാണ് നവജാതശിശുവിനെ കണ്ടെത്തിയത്.

ജനിച്ച് മണിക്കൂറുകള്‍ മാത്രമായ ആണ്‍കുഞ്ഞിനെയാണ് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചത്. മുഞ്ചിറ മങ്കാട് പാലത്തിന് സമീപം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് പുതുക്കട പോലീസെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി കുഴിത്തുറ സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം വൈകിട്ടാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കേരളത്തില്‍ നിന്നും കന്യാകുമാരിയിലേക്കുള്ള റോഡ് വശത്താണ് കുഞ്ഞിനെ കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ് റോഡ് വശത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ ആയിരുന്നു കുഞ്ഞ്. ഇരുചക്രവാഹനങ്ങളും, കാറുകളും പോകുന്നതിനാല്‍ ഈ റോഡില്‍ എപ്പോഴും തിരക്കാണ്.

ഇതുവഴി വന്ന കാല്‍നട യാത്രക്കാരനാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നടത്തിയ തിരച്ചിലില്‍ കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ അതുവഴി വന്ന വാഹനങ്ങളെ നിര്‍ത്തി കുട്ടി കിടക്കുന്നതായി അറിയിച്ചു. പുതുക്കട പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Exit mobile version