ബൈക്കപകടത്തില്‍ ഭര്‍ത്താവ് മരിച്ചിട്ട് അഞ്ചുദിവസം, 22കാരി പാറക്കുളത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: പോത്തന്‍കോട് യുവതി പാറക്കുളത്തില്‍ മരിച്ച നിലയില്‍. വാഹനാപകടത്തില്‍ മരിച്ച സൂരജിന്റെ ഭാര്യ മിഥുനയാണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയതെന്നാണ് നിഗമനം. നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ് മിഥുന.

കഴിഞ്ഞ ദിവസം രാത്രി 12 മണി വരെ മിഥുന വീട്ടിലുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ രാവിലെയായതോടെ മിഥുനയെ കാണാതായി. പരിസര പ്രദേശങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നാലെയാണ് പറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്.

അഞ്ച് ദിവസം മുമ്പാണ് മിഥുനയുടെ ഭര്‍ത്താവ് സൂരജ് മരിച്ചത്. ദേശീയപാതയില്‍ മുട്ടത്തറയില്‍ വെച്ച് ബൈക്കപകടത്തിലാണ് സൂരജ് മരിച്ചത്. നഴ്‌സിങ് വിദ്യാര്‍ത്ഥിയായ മിഥുനയെ കോളേജില്‍ വിട്ട് വരുന്ന വഴി സൂരജ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെ മിഥുന മനോവിഷമത്തിലായിരുന്നു. മിഥുനയുടെ മരണത്തില്‍ വീട്ടുകാര്‍ പരാതിയൊന്നും നല്‍കിയിട്ടില്ല.

Exit mobile version