ടൂറിസത്തെയും ജനകീയമാക്കി മന്ത്രി മുഹമ്മദ് റിയാസ്; മൊബൈല്‍ ആപ്പ് ഇന്ന് നടന്‍ മോഹന്‍ലാല്‍ പുറത്തിറക്കും

Tourism mobile app | Bignewslive

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനെ ജനകീയമാക്കാന്‍ പുറത്തിറക്കിയ പിഡബ്ല്യുഡി ഫോര്‍ യു ആപ്പ് വലിയ വിജയമായതിനു ശേഷം കേരളത്തിലെ ടൂറിസത്തെ കോര്‍ത്തിണക്കി കൊണ്ട് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ മൊബൈല്‍ ആപ്പ് ഇന്ന് പുറത്തിറക്കും. നടന്‍ മോഹന്‍ലാല്‍ ആണ് ആപ്പ് ലോഞ്ച് ചെയ്യുന്നത്.

വിനോദസഞ്ചാരികളും കാഴ്ചയുടെ കാവല്‍ക്കാരുമായ അനവധി മനുഷ്യരുടെ വര്‍ഷങ്ങളായി ശേഖരിക്കപ്പെട്ട വിജ്ഞാനവും അറിവും പങ്കു വയ്ക്കുക, ഈ വിജ്ഞാനത്തെ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നതാണ് ആപ്പ് രൂപീകരിക്കുന്നതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സഞ്ചാരികളും കാഴ്ചക്കാരുമായ ഒരു വലിയ ജനക്കൂട്ടം നമുക്കുണ്ട്. ഓരോ യാത്രയിലും കാണുന്നവയൊക്കെ കൗതുകത്തോടെ രേഖപ്പെടുത്തുന്നവരാണതില്‍ ഭൂരിഭാഗവും. ഫോട്ടോകള്‍, വീഡിയോകള്‍, എഴുത്തുകള്‍ എന്നിങ്ങനെ അവര്‍ കാഴ്ചയുടെ കണ്ടന്റ് ഉത്പാദിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. അവരുടെ ഓരോ കാഴ്ചകളും വ്യത്യസ്തമാണ്. വ്യക്തിയില്‍ നിന്നും വ്യക്തിയിലേയ്ക്ക് ഈ കണ്ടന്റുകള്‍ വ്യത്യാസപ്പെട്ടിരിക്കും. മേഖലകളും അറിവുകളും കാഴ്ചകളും നിരീക്ഷണങ്ങളും വ്യത്യസ്തമായിരിക്കും.

കേരളത്തിന്റെ സംസ്‌കാരവും ചരിത്രവും എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ ശ്രമിക്കുന്ന ഒരു പോര്‍ട്ടലാണ് വിഭാവനം ചെയ്യുന്നത്. സഞ്ചാരികള്‍ക്കും സാധാരണക്കാര്‍ക്കും ഒരേ പോലെ ഈ സംരഭത്തില്‍ ഉള്‍ച്ചേരാനാകും. വ്യത്യസ്തവും ക്രിയാത്മകവും സൗന്ദര്യാതമകവുമായ ഒരു വിജ്ഞാനകോശമായി ആപ്പ് മാറും.

ലളിതമായ ഒരു രജിസ്‌ട്രേഷന്‍ പ്രക്രിയക്ക് ശേഷം ആര്‍ക്കും കണ്ടന്റ് അപ് ലോഡ് ചെയ്യാവുന്ന രീതിയിലാണ് ആപ്പ് രൂപീകരിച്ചിരിക്കുന്നത്. അപ് ലോഡ് ചെയ്ത കണ്ടന്റ്, എഡിറ്റര്‍മാര്‍ പരിശോധിച്ച് അംഗീകരിച്ചുകഴിഞ്ഞാല്‍ പോര്‍ട്ടലിലേക്ക് പ്രത്യേക കാറ്റഗറി തിരിച്ച് എല്ലാവര്‍ക്കും ലഭ്യമാകും. സമ്മാനങ്ങള്‍, മത്സരങ്ങള്‍, യാത്രകള്‍ എന്നിവയൊക്കെ ഇതിനു തുടര്‍ച്ചയായിട്ടുണ്ടാകും.

Exit mobile version