കാവിവത്കരണമില്ല, സിലബസ് പിന്‍വലിക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വിസി; പഠിക്കാന്‍ രണ്ടംഗ സമിതി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ എംഎ പൊളിറ്റിക്‌സ് ആന്റ് ഗവേണന്‍സ് കോഴ്‌സിന്റെ വിവാദ സിലബസ് പിന്‍വലിക്കില്ലെന്ന് വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍. ഒപ്പം കാവിവത്കരണമെന്ന വാദത്തെ വൈസ് ചാന്‍സലര്‍ തള്ളി.

അധ്യാപകരുടെ കണ്ണിലൂടെ നോക്കുമ്പോള്‍ ചില പോരായ്മകള്‍ സിലബസിലുണ്ടെന്ന് പറഞ്ഞ അദ്ദേഹം പുസ്തകങ്ങളുടെ പേരിനൊപ്പം വിശദമായ വിവരണം കൂടി വേണമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.

പഠിക്കേണ്ടത് തന്നെയാണ് സിലബസിലുള്ളത്. ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സിലബസിനെ കുറിച്ച് പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ടിന് ശേഷമെ സിലബസ് പിന്‍വലിക്കുന്നതിനെ പറ്റി ആലോചിക്കുള്ളു. സര്‍വകലാശാലക്ക് പുറത്തുള്ള അധ്യാപകരെയാണ് പഠിക്കാന്‍ നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകരായ ജെ പ്രഭാഷ്, പ്രൊഫ പവിത്രന്‍ എന്നിവര്‍ക്കാണ് ചുമതല. സമിതി അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ട് പഠിച്ച ശേഷം സിലബസ് പിന്‍വലിക്കണോയെന്ന് തീരുമാനിക്കുമെന്നും വിസി അറിയിച്ചു.

പിജി കോഴ്‌സില്‍ ആര്‍എസ്എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം വലിയ വിവാദമായിരുന്നു. ഗോള്‍വാള്‍ക്കറുടെ ‘വീ ഓര്‍ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്’, ‘ബഞ്ച് ഓഫ് തോട്ട്‌സ്’, സവര്‍ക്കറുടെ ‘ഹിന്ദുത്വ; ഹൂ ഇസ് എ ഹിന്ദു’ എന്നീ പുസ്തകങ്ങളിലെ ചില ഭാഗങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എംഎ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങള്‍ ഉള്ളത്. തീംസ് – ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന പേപ്പറിലാണ് പുസ്തകങ്ങള്‍ പാഠഭാഗങ്ങളായുള്ളത്. കൂടാതെ, ഹിന്ദുത്വവാദികളായ ദീനദയാല്‍ ഉപാധ്യായ, ബാല്‍രാജ് മധോക് എന്നിവരുടെ പുസ്തകങ്ങളിലെ ചില ഭാഗങ്ങളും സിലബസിലുണ്ട്.

അതേസമയം ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിക്കാതെ സിലബസ് തയാറാക്കി എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സിലബസ് പാനലിലെ ഒരു വിഭാഗം അധ്യാപകരുടെ താല്‍പര്യം മാത്രം പരിഗണിച്ചാണ് പേപ്പറുകള്‍ തീരുമാനിച്ചത്. സിലബസിനെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ല. മറ്റ് അധ്യാപകര്‍ നിര്‍ദേശിച്ച പേപ്പറുകളെല്ലാം ഒരു വിഭാഗം തള്ളിക്കളഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമാണ് കമ്മിറ്റി പാഠ്യപദ്ധതി തീരുമാനിച്ചതെന്നും ആക്ഷേപം ഉണ്ട്. എംഎ പൊളിറ്റിക്കല്‍ സയന്‍സ് ആയിരുന്ന പിജി കോഴ്‌സ് ഈ വര്‍ഷം മുതലാണ് എംഎ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് ആയത്.

Exit mobile version