തോറ്റ വിദ്യാർത്ഥിക്ക് ഫിസിക്കൽ എജ്യുക്കേഷന് പ്രവേശനം നൽകി; വിവാദ നടപടി റദ്ദ് ചെയ്ത് കണ്ണൂർ യൂണിവേഴ്‌സിറ്റി

കണ്ണൂർ: മതിയായ യോഗ്യതയില്ലാതെ വിദ്യാർത്ഥിക്ക് ഉന്നതപഠനത്തിന് പ്രവേശനം നൽകിയ വിവാദ നടപടി കണ്ണൂർ സർവകലാശാല റദ്ദ് ചെയ്തു. ബിരുദം തോറ്റ വിദ്യാർത്ഥിക്ക് ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിൽ ഉന്നതപഠനത്തിന് പ്രവേശനം നൽകിയത് ചട്ടങ്ങൾ മറികടന്നാണെന്ന വിവാദം ഉയർന്നതോടെയാണ് നടപടി. വിദ്യാർത്ഥിനിക്ക് സർവകലാശാല കായികപഠന വിഭാഗത്തിൽ ബിപിഎഡിന് പ്രവേശനം നൽകിയ നടപടിയാണ് വൈസ് ചാൻസലർ റദ്ദാക്കിയത്. ഫിസിക്കൽ എഡ്യുക്കേഷൻ വകുപ്പ് തലവൻ ഡോ. വിഎ വിൽസനെ തൽസ്ഥാനത്തു നിന്നും മാറ്റാനും തീരുമാനമായി.

സംഭവത്തെക്കുറിച്ച് പഠിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ മൂന്നംഗ സമിതിയെയും വൈസ് ചാൻസലർ ചുമതലപ്പെടുത്തിയിട്ടുണ്ട്. നവംബർ ഏഴിന് മുമ്പ് അന്വേഷണ റിപ്പോർട്ട് നൽകാനും സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ നിർദേശിച്ചു.

മതിയായ യോഗ്യതയില്ലാത്ത വിദ്യാർത്ഥിനിയ്ക്ക് ചട്ടങ്ങൾ മറികടന്നും മാർക്ക് ദാനം നൽകിയുമാണ് സർവകലാശാല പഠനവകുപ്പിൽ പ്രവേശനം നൽകിയത്. ഇതോടെ കെഎസ്‌യു അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവം വിവാദത്തിലേക്ക് കടന്നതോടെ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിച്ചത്.

Exit mobile version