സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്ക് എതിരായ അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കണം: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്ക് എതിരെയുള്ള അതിക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് കോടതി നിർദേശം. കോവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പരാമർശം.

അടുത്തിടെ നടന്ന സംഭവങ്ങൾ കോടതി ചൂണ്ടിക്കാട്ടി. ആരോഗ്യപ്രവർത്തകർക്ക് എതിരേയുള്ള അക്രമങ്ങളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലും പോലീസ് തയ്യാറാകുന്നില്ലെന്ന് ആശുപത്രികളും പരാതിപ്പെട്ടിരുന്നു. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് മർദ്ദനമേൽക്കുന്നതിൽ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടാകരുതെന്നാണ് കോടതി നിർദേശം.

ആരോഗ്യപ്രവർത്തകർക്കെതിരെ അതിക്രമം നടത്തിയാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. അതിക്രമങ്ങൾ തടയാൻ നടപടിയില്ലെങ്കിൽ ഒപി മുടക്കിയുള്ള സമരത്തിലേക്ക് പോകുമെന്ന് ഡോക്ടർമാരുടെ സംഘടനകളും നിലപാടെടുത്തിരുന്നു.

Exit mobile version