കോതമംഗലം പള്ളിത്തര്‍ക്കം; ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കി

കൊച്ചി: കോതമംഗംലം പള്ളിത്തര്‍ക്ക വിഷയത്തില്‍ സമരം ചെയ്തിരുന്ന റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് സമരമിരുന്ന തോമസ് പോള്‍ റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കിയത്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. റമ്പാനെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതേസമയം തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് തോമസ് പോള്‍ റമ്പാന്‍ പ്രതികരിച്ചു.

കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയില്‍ ഇന്നലെയാണ് റമ്പാന്‍ എത്തിയത്. എന്നാല്‍ റമ്പാനെ യാക്കോബായ വിഭാഗം വിശ്വാസികള്‍ തടയുകയായിരുന്നു. പള്ളിയില്‍ കയറാതെ പോകില്ലെന്ന് ഓര്‍ത്തഡോക്സ് വിഭാഗം നിലപാട് എടുത്തതോടെ സംഘര്‍ഷാവസ്ഥയാവുകയായിരുന്നു. 26 മണിക്കൂറിന് ശേഷമാണ് റമ്പാനെ പള്ളിയില്‍ നിന്ന് മാറ്റിയത്.

കോടതി വിധി പ്രകാരം നിയമപരമായി പള്ളിയുടെ അവകാശം ഓര്‍ത്തഡോക്സ് വിഭാഗത്തിനാണ്. എന്നാല്‍ യാക്കോബായ വിഭാഗം വിശ്വാസികളാണ് പള്ളിയില്‍ ഭൂരിപക്ഷവും. അതിനാല്‍ കോടതി വിധി ഇതുവരെ നടപ്പാക്കാനായിട്ടില്ല.

അതേസമയം, വിധി നടപ്പാക്കുന്നതിന് കേന്ദ്ര സേനയുടെ സംരംക്ഷണം ആവശ്യപ്പെട്ട് റമ്പാന്‍ തോമസ് പോള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിയില്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് ജനുവരി നാലിന് വീണ്ടും പരിഗണിക്കും.

Exit mobile version