വളരെ പെട്ടെന്ന് ഇടപെട്ട് പ്രതിരോധം ഒരുക്കിയാൽ നിപ വ്യാപനം തടയാം; എല്ലാവർഷവും മോക്ഡ്രിൽ നടത്താറുണ്ടെന്ന് കെകെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി മുൻആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. വളരെ പെട്ടെന്ന് ഇടപെട്ട് പ്രതിരോധം ഒരുക്കിയാൽ നിപ വ്യാപനം തടയാനാകുമെന്ന് ശൈലജ ടീച്ചർ പറഞ്ഞു.

നിപ വീണ്ടും വരാനുളള സാധ്യത വിദഗ്ധർ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. അതുകൊണ്ട് എല്ലാ വർഷവും നിപ വരുമോ എന്നുള്ള മോക്ഡ്രിൽ നടത്താറുണ്ടായിരുന്നു. ആ മോക്ഡ്രില്ലാണ് കോവിഡ് വന്ന ഉടനെ പ്രതിരോധിക്കാനുള്ള ആർജ്ജവം ഉണ്ടാക്കിത്തന്നതെന്നും കെകെ ശൈലജ പറഞ്ഞു.

12 വയസുള്ള കുട്ടി കോഴിക്കോട് നിപ ബാധിച്ച് മരിച്ചതോടെ അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 158 പേരാണുള്ളത്. സമ്പർക്ക പട്ടികയിലെ 20 പേർ ഹൈ റിസ്‌ക് സമ്പർക്ക പട്ടികയിലുണ്ട്. ഇവരിൽ രണ്ടുപേർക്ക് രോഗലക്ഷണവുമുണ്ട്. ഇവർ ചികിത്സയിലാണ്.

Exit mobile version