കെഎസ്ആര്‍ടിസിയിലെ ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കാന്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താം; ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കാന്‍ നിയമം അനുവദിക്കുമെങ്കില്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസിയില്‍ പിഎസ്‌സി വഴി അല്ലാതെയുള്ള നിയമനങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

താത്കാലിക കണ്ടക്ടര്‍മാരുടെ നിയമനം 180 ദിവസത്തില്‍ കൂടുതല്‍ നീട്ടിക്കൊണ്ടുപോയത് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ്. പിഎസ്‌സി വഴി അല്ലാതെയുള്ള എല്ലാ നിയമനവും ഭരണഘടനാ വിരുദ്ധമാണ്. താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിലൂടെ ഉണ്ടായ ഒഴിവിലേക്ക് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി പ്രതിസന്ധി പരിഹരിക്കുന്നത് വരെ നിയമനം നടത്താം. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള നിയമനം നീട്ടിക്കൊണ്ടുപോയി പിഎസ്‌സി വഴിയുള്ള നിയമനം നിയന്ത്രിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കൂടാതെ ഇപ്പോള്‍ പിരിച്ചുവിട്ട താത്കാലിക കണ്ടക്ടര്‍മാരെ നിയമിക്കുന്നത് നിയമം അനുവദിക്കുകയാണെങ്കില്‍ മാത്രമേ കഴിയുകയുള്ളൂവെന്നും, താത്കാലിക കണ്ടക്ടര്‍മാരില്‍ സുപ്രിംകോടതി മാര്‍ഗനിര്‍ദേശ പ്രകാരം 10 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവര്‍ക്ക് ജോലിയില്‍ തുടരാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, പിരിച്ചുവിട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷ കോടതി അനുവദിച്ചു. ജനുവരി 7ന് വീണ്ടും ഹര്‍ജി പരിഗണിക്കും.

Exit mobile version