കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതീവജാഗ്രതയിലാണ്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശത്തെ നാല് വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
ഇവിടുത്തെ പോക്കറ്റ് റോഡുകള്‍ അടക്കമാണ് അടച്ചത്. പ്രദേശത്ത് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ചാത്തമംഗലം പഞ്ചായത്ത് അംഗം ഇ.പി.വല്‍സല പറഞ്ഞു. വൈറസ് ബാധിച്ച കുട്ടി പതിനഞ്ച് ദിവസമായി പനിയും മറ്റ് അസ്വസ്ഥതകളുമായി വീട്ടില്‍ കഴിയുകയായിരുന്നു.
ഇതിനിടെ ആശുപത്രികളില്‍ ചികില്‌സ തേടിയിരുന്നതായും വല്‍സല പറഞ്ഞു. അതേസമയം, നിപയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. രോഗം പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും ആരോഗ്യവകുപ്പ് എടുത്തുവെന്നും ഇന്നലെ രാതിതന്നെ ഉന്നതതലയോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയാറാക്കിയതായും മന്ത്രി അറിയിച്ചു.
നിലവില്‍ 17പേര്‍ നിരീക്ഷണത്തിലാണ്. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ അഞ്ചുപേരാണ് ഉള്ളത്. കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്കിയെന്നും മന്ത്രി അറിയിച്ചു. നിപ കണക്കിലെടുത്ത് എല്ലാ മുന്‍കരുതലും കൈക്കൊണ്ടിട്ടുണ്ടെന്ന് മന്ത്രി പിഎ മുഹമദ് റിയാസും വ്യക്തമാക്കി.