വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ ക്വാറന്റീന്‍ ലംഘിച്ചാല്‍ കനത്ത പിഴ: സ്വന്തം ചെലവില്‍ ക്വാറന്റീന്‍ സെന്ററില്‍ കഴിയേണ്ടി വരും; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ബാധിച്ചയാള്‍ വീട്ടിലുണ്ടെങ്കില്‍ എല്ലാവരും ക്വാറന്റീനില്‍ കഴിയണമെന്നും ഇത് ലംഘിച്ചാല്‍ പിഴ ചുമത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മാത്രമല്ല, ക്വാറന്റീന്‍ ലംഘനം പിടിക്കപ്പെട്ടാല്‍ സ്വന്തം ചെലവില്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയേണ്ടിവരും. ഇത് നേരത്തെ കഴിഞ്ഞിരുന്ന വീട്ടിലായിരിക്കില്ലെന്നും അതത് സ്ഥലത്ത് ഏര്‍പ്പെടുത്തുന്ന ക്വാറന്റീന്‍ കേന്ദ്രത്തിലായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വരാനിരിക്കുന്ന അവസ്ഥ കണക്കിലെടുത്ത് ബഹുമുഖ പ്രതിരോധ പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധസേനാ വളണ്ടിയര്‍മാര്‍, പ്രദേശത്തെ സേവനസന്നദ്ധരായവര്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. വാക്സിനേഷന്‍ താരതമ്യേന കുറഞ്ഞ രീതിയില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ പ്രത്യേക വാക്സിനേഷന്‍ യജ്ഞം നടത്തും. അയല്‍പക്ക നിരീക്ഷണ സമിതി, റാപ്പിഡ് റെസ്പോണ്‍സ് ടീം, വാര്‍ഡുതല സമിതി, പോലീസ്, സെക്ടറല്‍ മജിസ്ട്രേറ്റ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് ഒന്നാം തരംഗ കാലഘട്ടത്തില്‍ വളരെ ഫലപ്രദമായി നമ്മുടെ വാര്‍ഡുതല സമിതികള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇനിയും അത്തരത്തില്‍ പ്രവര്‍ത്തിക്കണം. പ്രാദേശിക തലത്തില്‍ അനുയോജ്യമായ പ്രതിരോധ നടപടികളാണ് ഈ ഘട്ടത്തില്‍ നമ്മള്‍ സ്വീകരിക്കുന്നത്. അത്തരം നിയന്ത്രണങ്ങളോട് സഹകരിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികള്‍ നേതൃത്വം ഏറ്റെടുക്കണം എന്നഭ്യര്‍ത്ഥിച്ചു.

കണ്ടയിന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെടുന്ന സ്ഥലങ്ങളിലേക്ക് മരുന്നുകള്‍, അവശ്യസാധനങ്ങള്‍, കോവിഡ് ഇതര രോഗങ്ങള്‍ക്കുള്ള ചികിത്സ ലഭ്യമാക്കല്‍ എന്നിവ വാര്‍ഡുതലസമിതികള്‍ മുന്‍ഗണനാ പരിഗണന നല്‍കി നിര്‍വ്വഹിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.

Exit mobile version