കോടികളുടെ ഭൂമി നാടിന് ആശുപത്രിയ്ക്കായി നല്‍കി; നന്മ മുത്തശ്ശിയുടെ വേര്‍പാടില്‍ കണ്ണീരോടെ നാട്

വിളപ്പില്‍ശാല: നാട്ടില്‍ ആരോഗ്യകേന്ദ്രം സ്ഥാപിക്കാന്‍ കോടികളുടെ ഭൂസ്വത്ത് ദാനം ചെയ്ത മുത്തശ്ശിക്ക് കണ്ണീരോടെ വിട നല്‍കി നാട്. വിളപ്പില്‍ശാല അമ്പലത്തുംവിള ജെ.സരസ്വതിഭായി(96)യുടെ വേര്‍പാടാണ് നാടിനു ദുഃഖമായത്. അസുഖബാധിതയായി കിടപ്പിലായിരുന്ന ഇവര്‍ ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.

കുടുംബസ്വത്തായി കിട്ടിയ ഒന്നേകാല്‍ ഏക്കറില്‍ ഒരേക്കര്‍ ഭൂമി വിളപ്പില്‍ശാലയില്‍ ആശുപത്രി സ്ഥാപിക്കാന്‍ 1957-ല്‍ സരസ്വതിഭായി സൗജന്യമായി നല്‍കി. ബാക്കി 25-സെന്റ് പാവങ്ങള്‍ക്കു വീടുവയ്ക്കാനും നല്‍കി.

1961-ല്‍ വിളപ്പില്‍ശാല ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള, സരസ്വതിഭായിയെയും ഭര്‍ത്താവ് കൃഷ്ണപിള്ളയെയും വീട്ടിലെത്തി അഭിനന്ദിച്ചു. ഭൂമി ദാനം ചെയ്തതിനു പകരമായി സര്‍ക്കാര്‍ ജോലിയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.

സമ്പന്നതയില്‍ കഴിഞ്ഞിരുന്ന കുടുംബം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ക്ഷയിച്ചു.
പേരക്കുട്ടിക്ക് ജോലി തേടി സരസ്വതിഭായി മന്ത്രി മന്ദിരങ്ങള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. 2013-ല്‍ വിളപ്പില്‍ശാല ആശുപത്രി സാമൂഹികാരോഗ്യകേന്ദ്രമായി ഉയര്‍ത്തി നിര്‍മിച്ച ബഹുനില മന്ദിരത്തിന് സരസ്വതിഭായിയുടെ പേരു നല്‍കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ പരിഗണിച്ചില്ല. പ്രതിഷേധമുയര്‍ന്നപ്പോള്‍ ആശുപത്രി ഹാളിന് സരസ്വതിഭായിയുടെ പേരു നല്‍കി.

ഭര്‍ത്താവിന്റെ മരണശേഷം മകന്‍ റിട്ട. എസ്‌ഐ. ഭദ്രകുമാറിന്റെയും മരുമകള്‍ ശാന്തകുമാരിയുടെയും സംരക്ഷണയിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. വിളപ്പില്‍ശാല ആശുപത്രിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. ബുധനാഴ്ച ശാന്തികവാടത്തിലായിരുന്നു ശവസംസ്‌കാരം.

മികച്ച ആരോഗ്യപ്രവര്‍ത്തകന് ഇവരുടെ സ്മരണയ്ക്കായി സരസ്വതിഭായി പുരസ്‌കാരം ഏര്‍പ്പെടുത്തി. വിളപ്പില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ പുളിയറക്കോണം പ്രതീക്ഷ ട്രസ്റ്റാണ് പുരസ്‌കാരം നല്‍കുന്നത്.

Exit mobile version