ഭരണമികവ് സ്വായത്തമാക്കാൻ സംസ്ഥാനത്തെ മന്ത്രിമാർക്ക് മൂന്നുദിവസത്തെ ക്ലാസ്; ഐഎംജിയിൽ പഠനം

തിരുവനന്തപുരം: ഭരണമികവ് സ്വന്തമാക്കാൻ സംസ്ഥാനത്തെ മന്ത്രിമാർക്ക് ഈ മാസം 20 മുതൽ 22 വരെ പഠനമൊരുങ്ങുന്നു. എങ്ങനെ നന്നായി ഭരിക്കാമെന്നതാണ് വിഷയം. തലസ്ഥാനത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി)ൽ ആണ് ക്ലാസ് സംഘടിപ്പിക്കുന്നത്.

രാവിലെ 9.30 മുതൽ 1.30 വരെ ഒരുമണിക്കൂർ വീതമുള്ള കഌസുകളിൽ ഒമ്പതെണ്ണത്തിന് മന്ത്രിമാർ ഹാജരാകണം. മന്ത്രിമാരിലേറെയും പുതുമുഖങ്ങളായതുകൊണ്ടു തന്നെ ഈ ക്ലാസ് ഉപകാരപ്രദമാകും എന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രിയാണ് പഠനക്കളരി എന്ന ആശയം മുന്നോട്ടുവെച്ചത്. സാമൂഹിക മാധ്യമങ്ങൾ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതും പഠനവിഷയങ്ങളിലുണ്ട്.

ആദ്യമായാണ് കേരളത്തിൽ മന്ത്രിമാർക്ക് ഇത്രയും വിപുലമായ പരിശീലനം സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധരാണ് അധ്യാപകർ. മുമ്പ് ഉമ്മൻചാണ്ടി സർക്കാരിലെ മന്ത്രിമാർ കോഴിക്കോട് ഐഐഎമ്മിൽ ഒരുദിവസം ക്ലാസിൽ പങ്കെടുത്തിരുന്നു.

Exit mobile version