10 ദിവസം മുൻപേ മികച്ച ദമ്പതികൾ, ബുള്ളറ്റ് ഓടിക്കാനും പഠിപ്പിച്ചിരുന്നു; വാവാച്ചി എന്നല്ലാതെ മറ്റൊന്നും വിളിച്ചിരുന്നില്ല, മർദ്ദിച്ചെന്ന സുനിഷയുടെ ഓഡിയോ കേട്ട് ഞെട്ടിയെന്ന് വിജീഷിന്റെ വീട്ടുകാർ

കണ്ണൂർ: ഭർതൃവീട്ടിലെ പീഡനവും മർദ്ദനവും കാരണമാണ് കണ്ണൂർ കോറോം കൊളങ്ങരവളപ്പിൽ കെവി സുനിഷ (26) ആത്മഹത്യ ചെയ്തതെന്ന വീട്ടുകാരുടെ വാദത്തെ തള്ളി ഭർതൃവീട്ടുകാർ. മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചിട്ടില്ലെന്ന് ഭർത്താവ് വെള്ളൂർ സ്വദേശി കെപി വിജീഷും ബന്ധുക്കളും പറയുന്നു. വീട്ടിൽ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് വിജീഷിന്റെ അയൽക്കാരും വ്യക്തമാക്കുന്നു.

പെൺകുട്ടികളില്ലാത്തതു കൊണ്ട് സുനിഷയോടു വലിയ സ്‌നേഹമായിരുന്നെന്നും പൊന്നുപോലെയാണ് നോക്കിയിരുന്നതെന്നും വിജീഷിന്റെ അച്ഛൻ രവീന്ദ്രൻ പറയുന്നു. ‘അവളെ ഞങ്ങൾ ഉപദ്രവിക്കുമെന്നു പറഞ്ഞുകൊണ്ടുള്ള വോയ്‌സ് ക്ലിപ്പുകൾ കേട്ട് ഞെട്ടിപ്പോയി. വാവാച്ചി എന്ന ഓമനപ്പേരല്ലാതെ പേരു പോലും അവളെ ആരും വിളിച്ചിരുന്നില്ല.’- രവീന്ദ്രൻ പറയുന്നു.

ഓണാഘോഷത്തിന് വെള്ളൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഓണവേഷമണിഞ്ഞ മികച്ച ദമ്പതികളായി വിജീഷിനെയും സുനിഷയെയും തെരഞ്ഞെടുത്തിരുന്നു. മലയാള മങ്കയായി അണിഞ്ഞൊരുങ്ങിയതിലും സുനിഷയ്ക്കു സമ്മാനമുണ്ടായിരുന്നു.

സുനിഷയുടെ ആഗ്രഹമനുസരിച്ച് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ബുള്ളറ്റ് ഓടിക്കാൻ വിജീഷ് പരിശീലിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഊട്ടിക്ക് വിനോദയാത്രയ്ക്കു പോയിരുന്നു. ഞായറാഴ്ചകളിലൊക്കെ ചെറുയാത്രകൾ പോകാറുണ്ടായിരുന്നെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

സ്വന്തം വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ചാണ് സുനിഷ വിജീഷിനെ വിവാഹം ചെയ്തത്. ഇതോടെ വീട്ടുകാരുമായി യുവതി അകന്നു. വീട്ടിലേക്ക് വിളിക്കുന്നത് വല്ലപ്പോഴുമായിരുന്നു. ചെറിയമ്മ ദേവകിയുമായി ആയിരുന്നു കൂടുതൽ ബന്ധം പുലർത്തിയിരുന്നത്.

അതേസമയം, നിസാരകാര്യങ്ങൾക്ക് കലഹിക്കുന്ന സ്വഭാവം സുനിഷയ്ക്കുണ്ടായിരുന്നു. ചെറിയ കുട്ടികളുടെ സ്വഭാവമായിരുന്നെന്നും വിജീഷ് പറയുന്നു. വീട്ടിൽ ആരും സുനിഷയോട് മോശമായി പെരുമാറിയിട്ടില്ല. പെട്ടെന്നു പിണങ്ങുന്ന സ്വഭാവമായിരുന്നതിനാൽ വഴക്കുപോലും പറയാൻ ഭയമായിരുന്നു. കൂടാതെ എപ്പോഴും ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമുണ്ടായിരുന്നു. ഇതിനു മുൻപും ഒട്ടേറെ തവണ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്. ഇതു പേടിച്ച് മുകൾനിലയിലെ ശുചിമുറിയുടെ വാതിൽ പൊളിച്ചുമാറ്റിയിരുന്നുവെന്നാണ് വിജീഷ് പറയുന്നത്.

അതേസമയം, വിജീഷിന്റെ അച്ഛൻ ഹെൽമറ്റ് വച്ച് മർദ്ദിച്ചിട്ടുണ്ടെന്നും അമ്മ മുടിക്കു കുത്തിപ്പിടിച്ചെന്നും സുനിഷ പറഞ്ഞതായി യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് പോലീസ് സ്റ്റേഷനിൽ വച്ച് സുനിഷ പറഞ്ഞതായും ബന്ധുക്കൾ പറയുന്നുണ്ട്. വിജീഷിന്റെ ബന്ധുക്കൾ ആളെക്കൂട്ടി പ്രശ്‌നമുണ്ടാക്കുമെന്നു മകൾ പറഞ്ഞിരുന്നതിനാലാണ് കൂട്ടിക്കൊണ്ടുവരാൻ പോകാതിരുന്നതെന്നും ഭർത്താവും വീട്ടുകാരും ഉപദ്രവിക്കുമെന്ന് പേടിച്ചിട്ടാണ് അവൾ വീട്ടിലേക്ക് ഫോൺ വിളിക്കാതിരുന്നതെന്നും സുനിഷയുടെ മാതാപിതാക്കളും ബന്ധുക്കളും പറയുന്നു.

Exit mobile version