ഡിജിറ്റൽ തെളിവുകൾ കരുത്ത്; വിസ്മയ കൊല്ലപ്പെട്ടിട്ട് 90 ദിവസം പിന്നിടും മുമ്പ് കുറ്റപത്രം സമർപ്പിക്കാൻ പോലീസ്; കിരണിന്റെ ജാമ്യം തടയൽ ലക്ഷ്യം

കൊല്ലം: കൊല്ലം നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തിൻറെ ഇരയായി കൊല്ലപ്പെട്ട കേസിൽ ഈ മാസം പത്തിന് പോലീസ് കുറ്റപത്രം സമർപ്പിക്കും. സംഭവം നടന്ന് 90 ദിവസം പിന്നിടും മുമ്പ് കുറ്റപത്രം സമർപ്പിക്കാനാണ് പോലീസിന്റെ നീക്കം. പ്രതിയായ ഭർത്താവ് കിരൺകുമാർ ജാമ്യത്തിൽ ഇറങ്ങുന്നത് തടയാനാണാണ് 90 ദിവസം തികയുംമുമ്പ് കുറ്റപത്രം സമർപ്പിക്കാൻ പോലീസ് തീരുമാനിച്ചത്. കുറ്റപത്രം സമർപ്പിച്ചാൽ കേസിലെ വിചാരണ കഴിയുംവരെ കിരൺകുമാർ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത മങ്ങും.

നാൽപ്പതിലേറെ സാക്ഷികളുള്ള കേസിൽ ഡിജിറ്റൽ തെളിവുകളിലൂന്നിയാണ് പോലീസ് അന്തിമ കുറ്റപത്രം തയാറാക്കുന്നത്. നാൽപ്പതിലേറെ സാക്ഷികളും മൊബൈൽഫോണുകൾ ഉൾപ്പടെ 20 തൊണ്ടിമുതലുകളും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കും.

വിസ്മയ സുഹൃത്തുക്കൾക്കും ബന്ധുകൾക്കും അയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങൾ ആണ് കുറ്റപത്രത്തിൽ കിരണിന് എതിരായ മുഖ്യ തെളിവ്. വിസ്മയ കടുത്ത മാനസിക പീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. നാൽപ്പതിലധികം സാക്ഷികളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയതായാണ് സൂചന.

വിസ്മയയുടെ മൃതശരീരം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ, ഫോറൻസിക് വിദഗ്ദർ, വിസ്മയയുടെ സുഹൃത്തുകൾ, ബന്ധുക്കൾ എന്നിവരടങ്ങുന്നതാണ് സാക്ഷിപട്ടിക.

സ്ത്രീധന പീഡനവും, സ്ത്രീ പീഡനവും ഉൾപ്പടെ ഏഴ് വകുപ്പുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.നിലവിൽ വിസ്മയയുടെ ഭർത്താവ് കിരൺകുമാർ മാത്രമാണ് കേസിലെ ഏകപ്രതി. കിരൺകുമാറിൻറെ ബന്ധുക്കൾക്കെതിരെയും വിസ്മയയുടെ കുടുംബം ആരോപണമുന്നയിക്കുന്നുണ്ട് എങ്കിലും തൽക്കാലം മറ്റൊരെയും പ്രതി ചേർക്കേണ്ടത് ഇല്ലെന്നാണ് പോലീസ് തീരുമാനം.

Exit mobile version