വ്യാപനശേഷി കൂടിയ കോവിഡ് സി.1.2 വൈറസ്: മുന്‍കരുതലെടുത്ത് കേരളം; വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന

തിരുവനന്തപുരം: വ്യാപനശേഷി കൂടിയ പുതിയ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

സി.1.2 കോവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കും. അവരെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കുകയും ക്വാറന്റൈയിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. പുതിയ വകഭേദമായ സി.1.2 വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

അതിവേഗം പടരാന്‍ ശേഷിയുള്ള സി.1.2 വൈറസിനെ മേയ് മാസത്തില്‍ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ന്യൂസിലാന്‍ഡ്, പോര്‍ച്ചുഗല്‍ അടക്കം ഏഴു രാജ്യങ്ങളില്‍ കൂടി കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയില്‍ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്. 2019ല്‍ വുഹാനില്‍ കണ്ടെത്തിയ ആദ്യ വൈറസില്‍ നിന്ന് ഏറെ വ്യത്യസ്തമാണെന്നും ഗവേഷകര്‍ പറയുന്നു.

വരും ആഴ്ചകളില്‍ ഈ വൈറസിന് കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകാം. അങ്ങനെ വന്നാല്‍ വാക്‌സീന്‍ കൊണ്ട് ഒരാള്‍ ആര്‍ജിക്കുന്ന പ്രതിരോധശേഷിയെ പൂര്‍ണ്ണമായി മറികടക്കാന്‍ കഴിയുന്ന ശക്തി ഈ വൈറസ് കൈവരിച്ചേക്കും. അതിനാല്‍ ഈ വകഭേദത്തെപ്പറ്റി കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതുവരെ ഇന്ത്യയില്‍ C.1.2 റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, വാക്സിനേഷന്‍ എണ്‍പത് ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും എണ്‍പത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആര്‍ടിപിസിആര്‍ പരിശോധന മാത്രം നടത്താന്‍ തീരുമാനമായി.

വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് എണ്‍പത് ശതമാനം പൂര്‍ത്തീകരിച്ചത്. വാക്സിനേഷന്‍ എണ്‍പത് ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തില്‍ തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് ജില്ലകളിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് മാത്രമാകും നടത്തുക. അതോടൊപ്പം എല്ലാ ജില്ലകളിലും ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ജില്ലകള്‍ക്ക് വാക്സിന്‍ വിതരണം നടത്തുമ്പോള്‍ താരതമ്യേന കുറഞ്ഞ തോതില്‍ വാക്സിനേഷന്‍ നടന്ന ജില്ലകളെ പരിഗണിച്ച് ക്രമീകരണം ഉണ്ടാക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാക്സിനേഷന്‍ കണക്കെടുത്ത് ആനുപാതികമായി വാക്സിന്‍ നല്‍കാന്‍ ജില്ലകളും ശ്രദ്ധിക്കണം.

അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്ല തോതില്‍ വാക്സിന്‍ നല്‍കാനായിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് കൂടി എത്രയും പെട്ടെന്ന് നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ ഡബ്യൂഐപിആര്‍ ഏഴില്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ പൂര്‍ണ്ണ ലോക് ഡൗണാണ്. ഗ്രാമ പഞ്ചായത്തുകളില്‍ വാര്‍ഡുതലത്തില്‍ കോവിഡ് പരിശോധനാ വിവരങ്ങള്‍ ശേഖരിക്കേണ്ടതാണ്. ഇത് ലഭ്യമാകുന്ന മുറയ്ക്ക് വാര്‍ഡ്തല ലോക് ഡൗണാകും ഏര്‍പ്പെടുത്തുക.

Exit mobile version